ചെങ്ങന്നൂര്‍:  ചെങ്ങന്നൂരില്‍ അശാസ്ത്രീയ റോഡ് നിര്‍മ്മാണം മൂലം അപകടങ്ങള്‍ വര്‍ധിക്കുന്നു. പ്രാവിന്‍ കൂട്  തിരുവന്‍വണ്ടൂര്‍  ഇരമല്ലിക്കര റോഡ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ട് ഒന്‍പത്  മാസം പിന്നിടുമ്പോള്‍ ദിനംപ്രതി അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയാണ്. വൃദ്ധയുടെ മരണമുള്‍പ്പെടെ 15 ഓളം പേര്‍ അപകടത്തില്‍പ്പെട്ട് ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലായി. 

പ്രാവിന്‍ കൂട്  ഇരമല്ലിക്കര അഞ്ച് കിലോമീറ്റര്‍ നീളം വരുന്ന റോഡ് എട്ട് മീറ്റര്‍ വീതിയിലാണ് നിര്‍മ്മാണം. അഞ്ച്  മീറ്റര്‍ വീതിയില്‍ മാത്രമാണ് ടാറിംഗ് നടന്നത്, ബാക്കി മൂന്ന് മീറ്റര്‍ റോഡിന്റെ ഇരുവശങ്ങളും ഒരടി വീതം കോണ്‍ക്രീറ്റും ബാക്കി എട്ട് അടി മണ്ണ് ഇട്ട് നികത്തി റോഡിനു സമം ആക്കി ഉയര്‍ത്തേണ്ടതാണ്.  റോഡ് ഒരടിയില്‍ കൂടുതല്‍ ഉയര്‍ന്നിട്ടുണ്ട്. ഇതു കാരണം ധാരാളം അപകടങ്ങള്‍ വര്‍ദ്ധിക്കുന്നു. അടുത്തിടെ വൃദ്ധ മരിക്കാനിടയായ സംഭവമുള്‍പ്പെടെ നിരവധി അപകടങ്ങളാണ് ഇവിടെ തുടര്‍ച്ചയായി ഉണ്ടാകുന്നത്. 

പാര്‍ശ്വഭാഗങ്ങളില്‍ തിരുവന്‍വണ്ടൂര്‍ ക്ഷേത്ര ജംഗ്ഷനോട് ചേര്‍ന്ന് ചെറുകിട കച്ചവടക്കാര്‍ കയ്യേറിയ കാരണം കാല്‍നടക്കാര്‍ക്കും ,ഇരുചക്ര വാഹനങ്ങള്‍ കടന്നു പോകുന്നതിനും വളരെ ബുദ്ധിമുട്ടാണ്. ഇവിടെയുളള ഫെഡറല്‍ബാങ്ക് സംബന്ധിച്ച് വരുന്ന ഉപഭോക്താക്കളുടെ ഇരുചക്രവാഹനങ്ങളും മറ്റും റോഡിന്റെ അരുകില്‍ പാര്‍ക്കു ചെയ്യുന്നു. അതിന്റെ എതിര്‍വശത്തു തന്നെയാണ് ഓട്ടോ സ്റ്റാന്റ്. ഇതിനിടയില്‍ മറ്റ് വാഹനങ്ങള്‍ കടന്നു പോകുവാന്‍ ബുദ്ധിമുട്ടുന്നു. 

2017ല്‍ കാവുങ്കല്‍ കണ്‍സ്ട്രക്ഷന്‍ 5.60 കോടി രൂപയ്ക്കാണ് പൊതുമരാമത്ത് വകുപ്പില്‍ നിന്നും റോഡ് നിര്‍മ്മാണത്തിന്  കരാര്‍ എറ്റെടുത്തത്.ഇതിനിടെ റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പല ആക്ഷേപങ്ങളും കരാറുകാരന്‍ നേരിടേണ്ടി വന്നിട്ടുണ്ട്. തന്നിഷ്ട പ്രകാരമുള്ള ജോലി ചെയ്തതിനും, നിര്‍മ്മാണത്തിനുള്ള സാധന സാമഗ്രികളില്‍ കൃത്രിമത്വം കാട്ടിയതിലും ,കാലതാമസം വരുത്തി പൊതുജനത്തിനെ ബുദ്ധിമുട്ടിലാക്കിയതിലും കരാറുകാരനെതിരെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ ആപ്പീസില്‍ നിന്നും താക്കീത് നല്‍കുകയും ,ഇദ്ദേഹത്തിനെ കരിമ്പട്ടികയില്‍ പെടുത്തുകയും ചെയ്തിരുന്നു.