ചോക്കാട് - പെടയന്താള്‍ റോഡിന്റെ തകര്‍ച്ചയെക്കുറിച്ച് പരാതി നല്‍കിയ വ്യക്തിയോട്, റോഡരികിലെ അഴുക്കുചാല്‍ മണ്ണിട്ടു മൂടിയ സ്ഥല ഉടമയുടെ വിവരങ്ങള്‍ കണ്ടെത്തി നല്‍കാന്‍ പഞ്ചായത്ത് ആവശ്യപ്പെട്ടു. പ്രശ്നം പരിഹരിക്കേണ്ട തദ്ദേശ സ്ഥാപനം ഉത്തരവാദിത്തം പരാതിക്കാരന്റെ മേല്‍ ചുമത്തുന്നത് നാട്ടുകാര്‍ക്കിടയില്‍ പ്രതിഷേധം ശക്തമായി.
മലപ്പുറം: അഴുക്കുചാല്‍ പാടേ മൂടി വര്‍ഷങ്ങളായി തകര്‍ന്നുകിടക്കുന്ന ചോക്കാട് - പെടയന്താള്‍ റോഡിന്റെ ദുരവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ പരാതിക്ക് ചോക്കാട് പഞ്ചായത്ത് നല്‍കിയത് വിചിത്ര മറുപടി. റോഡ് അറ്റകുറ്റപ്പണിക്ക് നടപടി സ്വീകരിക്കുന്നതിന് പകരം, അഴുക്കുചാല്‍ മണ്ണിട്ടു മൂടിയ സ്ഥലത്തിന്റെ ഉടമസ്ഥരുടെ പേരും വിലാസവും പരാതിക്കാരന്‍ തന്നെ കണ്ടെത്തി നല്‍കണമെന്നാണ് മറുപടിയില്‍ പഞ്ചായത്ത് ആവശ്യപ്പെട്ടിരിക്കുന്നത്.
പെടയന്താള്‍ സ്വദേശി തൈതൊടിക മുഹമ്മദ് കുട്ടി ജൂണ്‍ 17നാണ് പഞ്ചായത്തില്‍ പരാതി നല്‍കിയത്. റോഡരികിലെ അഴുക്കുചാല്‍ മണ്ണിട്ടു മൂടിയതാണ് മഴ വെള്ളം ഒഴുകിപ്പോകാതിരിക്കാനും റോഡ് വ്യാപകമായി തകരാനുമിടയാക്കിയതെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. സ്ഥല പരിശോധന നടത്തിയതായി പഞ്ചായത്ത് മറുപടിയില്‍ പറഞ്ഞു. അഴുക്കുചാല്‍ മൂടിയതായി പരാതിയില്‍ സൂചിപ്പിച്ച പ്രദേശത്തെ സ്ഥല ഉടമസ്ഥരുടെ വിവരങ്ങള്‍ പഞ്ചായത്തിന് ലഭ്യമല്ലെന്നും നടപടി സ്വീകരിക്കാന്‍ അവരുടെ പേരും വിലാസവും ഏഴു ദിവസത്തിനകം രേഖാമൂലം പരാതിക്കാരന്‍ തന്നെ ഹാജരാക്കണമെന്നുമാണ് സെക്രട്ടറി കത്തില്‍ ആവശ്യപ്പെട്ടിട്ടുള്ളത്.
പ്രശ്‌നം പരിഹരിക്കേണ്ട തദ്ദേശ സ്ഥാപനം ഉത്തരവാദിത്തം പരാതിക്കാരന്റെ മേല്‍ ചുമത്തുകയാണെന്ന് നാട്ടുകാര്‍ ആരോപിച്ചു. റോഡിന്റെ ശോച്യാവസ്ഥ കാരണം വാഹനയാത്രയും കാല്‍ നടയും ദുരിതമായിരിക്കെ പ്രശ്ന പരിഹാരത്തിനു പകരം പരാതിക്കാരനെ പരിഹസിക്കുന്ന രീതിയിലുള്ള മറുപടി നല്‍കിയതില്‍ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.
റോഡിലെ വെള്ളക്കെട്ടും വലിയ കുഴികളും കാരണം ഇരുചക്ര വാഹന യാത്രികര്‍ ഉള്‍പ്പെടെയുള്ളവര്‍ അപകട ഭീഷണിയിലൂടയാണ് സഞ്ചരിക്കുന്നത്. മഴ ശക്തമായതോടെ റോഡിന്റെ അവസ്ഥ കൂടുതല്‍ തകര്‍ന്ന് യാത്ര ദുരിതത്തിലായിരിക്കുകയാണ്. അടിയന്തരമായി റോഡ് നവീകരിക്കുകയും വെള്ളം ഒഴുകാനുള്ള അഴുക്കുചാല്‍ പുനഃസ്ഥാപിക്കുകയും ചെയ്യണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
