Asianet News MalayalamAsianet News Malayalam

പ്രളയത്തില്‍ റോഡ് തകര്‍ന്നു; രണ്ട് വര്‍ഷം പിന്നിട്ട് മക്കിമലക്കാരുടെ ദുരിതയാത്ര

മലവെള്ളപ്പാച്ചിലിനൊപ്പം വലിയ കല്ലുകള്‍ വന്ന് അടിഞ്ഞുകൂടിയതിനാല്‍ കാല്‍നടയാത്ര തന്നെ ദുഷ്‌കരമായി വഴിയിലൂടെ ട്രാക്ടര്‍ പോലും പോകില്ലെന്ന് കുടുംബങ്ങള്‍ പറയുന്നു.
 

Road damaged in floods; Two years later, the tragedy continues in Makkimalas
Author
Kalpetta, First Published Feb 26, 2021, 12:32 PM IST

കല്‍പ്പറ്റ: വികസനപ്പെരുമഴയെന്ന് സര്‍ക്കാരും അണികളും അവകാശപ്പെടുമ്പോഴും 2018ലെ പ്രളയത്തില്‍ തകര്‍ന്നുപോയ റോഡ് ഇതുവരെ നേരെയാക്കാത്ത കഥയാണ് മക്കിമലക്കാര്‍ക്ക് പറയാനുള്ളത്. തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തില്‍ ഉള്‍പ്പെടുന്ന ഈ പ്രദേശത്ത് ആദിവാസി കുടുംബങ്ങളാണ് താമസിക്കുന്നത്. പുഴയോട് ചേര്‍ന്ന് നാട്ടുകാര്‍ തന്നെ നിര്‍മ്മിച്ച മണ്‍പാത പ്രളയത്തില്‍ മലവെള്ളത്തോടൊപ്പം ഒലിച്ചുപോകുകയായിരുന്നു. അത്യാവശ്യഘട്ടങ്ങളില്‍ വാഹനങ്ങള്‍ കൊണ്ടുപോകാന്‍ കഴിയുന്ന റോഡ് തകര്‍ന്നതോടെ പുഴയിലൂടെ വഴി നടക്കേണ്ട ഗതികേടിലാണ് ഇവിടെയുള്ള ഏഴ് ആദിവാസി കുടുംബങ്ങള്‍. 

റോഡില്ലാതായതോടെ രണ്ട് വര്‍ഷത്തിലേറെയായി ആശുപത്രിയിലേക്ക് പോകാന്‍ പോലും മക്കിമലയിലേക്ക് വാഹനങ്ങള്‍ എത്താത്ത സ്ഥിതിയാണ്. മലവെള്ളപ്പാച്ചിലിനൊപ്പം വലിയ കല്ലുകള്‍ വന്ന് അടിഞ്ഞുകൂടിയതിനാല്‍ കാല്‍നടയാത്ര തന്നെ ദുഷ്‌കരമായി വഴിയിലൂടെ ട്രാക്ടര്‍ പോലും പോകില്ലെന്ന് കുടുംബങ്ങള്‍ പറയുന്നു. പുഴയരികില്‍ താമസിക്കുന്ന മക്കിമല കോളനിയിലെ ദാരപ്പന്‍, മാധവി, ചന്തു എന്നിവരുടെ വീടുകളിലെത്താനാണ് ഏറ്റവുമധികം പ്രയാസം നേരിടുന്നത്. പോകാനാണ് ഏറ്റവും കൂടുതല്‍ പ്രയാസം നേരിടുന്നത്. പ്രധാന വഴിയടഞ്ഞതോടെ കുറച്ച് കുടുംബങ്ങള്‍ മറ്റൊരു ഭാഗത്ത് താല്‍ക്കാലികമായി ചെറിയ വഴി നിര്‍മിച്ചിട്ടുണ്ട്. 

എങ്കില്‍ ഈ മൂന്നു കുടുംബങ്ങള്‍ക്ക് ആ വഴിയും ഉപയോഗിക്കാന്‍ കഴിയില്ല. ഇനി റോഡ് നിര്‍മ്മിക്കുന്നുണ്ടെങ്കില്‍ തന്നെ വെള്ളമൊഴുകി പോകുന്നതിന് ആവശ്യമായ കലുങ്കുകള്‍ കൂടി നിര്‍മിക്കേണ്ടി വരും. നിലവില്‍ ഒരു കലുങ്ക് മാത്രമാണ് ഈ ഭാഗത്തുള്ളത്. നേരായ റോഡില്ലാത്തത് കാരണം വീടിന്റെ ചെറിയ അറ്റകുറ്റപണി നടത്താന്‍ പോലും ആവുന്നില്ലെന്ന് പ്രദേശവാസിയായ എം രാമചന്ദ്രന്‍, എംഡി സുനില്‍ എന്നിവര്‍ പറഞ്ഞു. നിര്‍മാണ സാമഗ്രികള്‍ കൊണ്ടുവരാനാകാത്തതാണ് പ്രശ്നം. 

അതേസമയം മക്കിമലയിലെ ആദിവാസി മേഖലയിലേക്കുള്ള തകര്‍ന്ന റോഡ് നന്നാക്കുന്നതിനായി ഇത്തവണത്തെ ബജറ്റില്‍ അഞ്ച് ലക്ഷം രൂപ ഗ്രാമപ്പഞ്ചായത്ത് വകയിരുത്തിയിട്ടുണ്ടെന്നും മുമ്പ് അനുവദിച്ച നാല് ലക്ഷവും ചേര്‍ത്ത് തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി റോഡ് പുരനരുദ്ധരിക്കുമെന്നും വാര്‍ഡ് അംഗം ജോസ് പാറക്കല്‍ പറഞ്ഞു.
 

Follow Us:
Download App:
  • android
  • ios