തൃശൂർ: തൃശൂരിൽ കയ്പമംഗലം ഉൾപ്പെടെയുള്ള തീരദേശ മേഖലകളിൽ ക്ഷേത്രഭണ്ഡാര മോഷ്ടാക്കൾ വിലസുന്നു. മൂന്ന് ദിവസത്തിനിടെ 25 ഓളം ക്ഷേത്ര ഭണ്ഡാരങ്ങൾ  കുത്തിപ്പൊളിച്ച് മോഷ്ടാക്കൾ പണം കവർന്നു.

പെരിഞ്ഞനം പള്ളിയിൽ ഭഗവതി ക്ഷേത്രം, മാളിയേക്കൽ മഹാഗണപതി ക്ഷേത്രം, കൂളിമുട്ടം കിളിക്കുളങ്ങര ക്ഷേത്രം, ചെറുപഴനി സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, ഭജനമഠം സുബ്രഹ്മണ്യ ക്ഷേത്രം, അഞ്ചങ്ങാടി കരിനാട്ട് ശ്രീ ഭദ്രകാളി ക്ഷേത്രം എന്നിവിടങ്ങളിലാണ് തിങ്കളാഴ്ച്ച രാത്രിയിൽ മോഷണം നടന്നത്. രാവിലെ ക്ഷേത്രത്തിലെത്തിയവരാണ് മോഷണ വിവരം അറിഞ്ഞത്. മിക്കയിടത്തും റോഡരികിൽ വെച്ചിട്ടുള്ള ഭണ്ഡാരങ്ങളിലാണ് കവർച്ച നടക്കുന്നത്. 

പ്രദേശത്ത് കിടന്നിരുന്ന കരിങ്കലും ഇഷ്ടികയും ഉപയോഗിച്ചാണ് ഭണ്ഡാരങ്ങളുടെ പൂട്ട് തകർത്തിട്ടുള്ളത്. ഞായറാഴ്ച എസ് എൻ പുരം ശ്രീകൃഷ്ണ ക്ഷേത്രം, കാട്ടുപറമ്പിൽ ക്ഷേത്രം എന്നിവിടങ്ങളിലെ 13 ഭണ്ഡാരങ്ങൾ പൊളിച്ച് മോഷ്ടാക്കൾ പണം കവർന്നിരുന്നു.

ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും മോഷ്ടാക്കളിലേക്കെത്തുന്ന തെളിവുകളൊന്നും ലഭിച്ചില്ല. എല്ലാ കവർച്ചകൾക്ക് പിന്നിലും ഒരേ സംഘമാണെന്നാണ് പൊലീസ് നിഗമനം. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കുകയാണ്.