കോഴിക്കോട്: പന്തീരാങ്കാവിൽ കടയുടെ ഷട്ടർ തകർത്ത് സാധനങ്ങള്‍ മോഷ്ടിച്ചു. പന്തീരങ്കാവ് ലീ ഗാമാ ട്രേഡേർഡിലാണ് കവർച്ച നടന്നത്. തിങ്കളാഴ്ച രാത്രിയിലാണ് കടയുടെ ഷട്ടർ തകർത്ത് മോഷണം നടത്തിയത്. ഹാർഡ്‍വെയര്‍, സാനിറ്ററി, ഇലക്ട്രിക്കൽ സ്ഥാപനത്തിന്‍റെ പൂട്ടുകൾ തകർക്കാതെ ഷട്ടർ ഏതോ വാഹനമുപയോഗിച്ച് വലിച്ചതായാണ് കാണുന്നത്. കടയിൽ നിന്നും രണ്ട് ലക്ഷത്തോളം  വിലപിടിപ്പുള്ള സാധനങ്ങൾ നഷടപ്പെട്ടതായാണ് ഉടമകൾ പറയുന്നത്. 

കടയിൽ സിസി ടി വി ക്യാമറകൾ ഉണ്ടെങ്കിലും അകത്ത് കയറിയ കള്ളൻ അനുബന്ധ ഉപകരണങ്ങളും മോഷ്ടിച്ചാണ് സ്ഥലം വിട്ടത്. എന്നാൽ സമീപത്തെ അയ്യപ്പ മഠത്തിൽ സ്ഥാപിച്ച ക്യാമറയിൽ നിന്നും ലഭിച്ച ദൃശ്യത്തിൽ ഒരു സ്ത്രീയടക്കം രണ്ടു പേരാണ് ഉള്ളത്. ഇവർ ബൈക്കിൽ മടങ്ങുന്നതും ദൃശ്യത്തിലുണ്ട്. പന്തീരങ്കാവ് പൊലീസും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധനകൾ നടത്തി.

സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. കഴിഞ്ഞ ഒരു മാസത്തിനിടെ പാലക്കുറുമ്പ ഭഗവതി ക്ഷേത്രത്തിലും, കൊല്ലറക്കൽ
ക്ഷേത്രത്തിലും മാത്തറയിലെ പത്തോളം കടകളിലും മോഷണം നടന്നിരുന്നു. ഈ മോഷ്ടാക്കളെ എല്ലാം വളരെപ്പെട്ടെന്ന്  പന്തീരങ്കാവ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.