കൊല്ലം: കൊട്ടാരക്കരയിൽ റബര്‍ തോട്ടം പാട്ടത്തിന് നൽകി കന്യാകുമാരി സ്വദേശിയിൽ നിന്ന് പണം തട്ടിയതായി പരാതി. ആലപ്പുഴ ചാരുംമൂട് സ്വദേശി അനിൽ കുമാറിനെതിരെയാണ് പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. നാലേമുക്കാൽ ലക്ഷം രൂപ തിരികെ നൽകാതെ വഞ്ചിച്ചുവെന്നാണ് പരാതി.

കഴിഞ്ഞ വര്‍ഷമാണ് കന്യാകുമാരി സ്വദേശി ദേവദാസ് കൊട്ടാരക്കര മൈലത്ത് അഞ്ചേക്കര്‍ 65  സെന്‍റ് സ്ഥലം അഞ്ച് വര്‍ഷത്തേക്ക് പാട്ടത്തിനെടുത്തത്. ഒരു വര്‍ഷത്തെ അഡ്വാൻസും പാട്ടത്തുകയുമായി ഒമ്പത് ലക്ഷം രൂപ ഇടനിലക്കാരൻ അനിൽ കുമാറിന് നൽകുകയും ചെയ്തു. ഒരു വര്‍ഷം ടാപ്പിംഗ് നടത്തിയെങ്കിലും പ്രതീക്ഷിച്ച ലാഭം കിട്ടിയില്ല. ടാപ്പിംഗ് നിര്‍ത്തുകയാണെന്നും അഡ്വാൻസ് തുക മടക്കി നൽകണമെന്നും ആവശ്യപ്പെട്ടു. പണം നൽകാമെന്ന ഉറപ്പിൽ ടാപ്പിംഗ് നിര്‍ത്തിയെങ്കിലും ഇതുവരെയും പണം തിരിച്ച് കിട്ടിയില്ലെന്നാണ് പരാതി.

ഇടനിലക്കാരൻ അനിൽ കുമാര്‍ ആദ്യം സ്വന്തം പേരിലാണ് സ്ഥലമെന്ന് കാണിച്ചാണ് കരാര്‍ ഉണ്ടാക്കിയതെന്നും പിന്നീടാണ് ഉടമയുടെ പേരിലാക്കി മാറ്റി എഴുതിയതെന്നും പരാതിയിൽ പറയുന്നു. ഈ മാസം പത്തിന് നൂറനാട് പൊലീസിൽ പരാതി നൽകിയെങ്കിലും അന്വേഷണം എങ്ങുമെത്തിയിട്ടില്ലെന്നും ആക്ഷേപമുണ്ട്.