പമ്പ: യുവതികള്‍ ദര്‍ശനം നടത്തിയതിന്‍റെ പേരില്‍ കേരളത്തിലെമ്പാടും അക്രമം പടരുമ്പോഴും ശബരിമല ശാന്തം. ഹര്‍ത്താലായിട്ടും ശബരിമലയിലെത്തുന്ന അയ്യപ്പഭക്തര്‍ക്ക് കുറവൊന്നുമില്ല.

ഇന്നലെ പുലര്‍ച്ചയാണ് ബിന്ദുവും കനകദുര്‍ഗ്ഗയും ശബരിമലയില്‍ ദര്‍ശനം നടത്തിയത്. പിന്നാലെ പലയിടങ്ങളിലും അക്രമം തുടങ്ങി. അപ്പോഴെല്ലാം ശബരിമലയും പരിസരവും ശാന്തമായിരുന്നു. രാത്രി ഹരിവരാസനം ചൊല്ലി നടഅടക്കുംവരെ സാധാരണപോലെയായിരുന്നു നാമജപം. പ്രതിഷേധം പോലും എവിടെയും ഉണ്ടായിരുന്നില്ല. 

ഹര്‍ത്താല്‍ ദിനത്തില്‍ ഇന്ന് രാവിലെ മുതല്‍ നല്ല തിരിക്കായിരുന്നു സന്നിധാനത്ത് അനുഭവപ്പെട്ടത്. ആറ് മണിയാകുമ്പോള്‍ തന്നെ കാല്‍ലക്ഷം പേര്‍ ദര്‍ശനം നടത്തി. ഉച്ചയാകുമ്പോഴേക്ക് അരലക്ഷം കവിഞ്ഞു. നെയ്യഭിഷേകവും മറ്റ് പൂജകളും സാധാരണപോലെ നടന്നു. സന്നിധാനത്തോ പരിസരത്തോ എവിടെയും ഒരു പ്രതിഷേധവുമില്ല.

പക്ഷേ എന്തു സംഭവിച്ചാലും നേരിടാന്‍ തയ്യാറായി ശക്തമായ പൊലീസ് ബന്തവസ്സ് സന്നിധാനത്തും പരിസരത്തും എല്ലാ നിമിഷവും തയ്യാറാണ്. ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തിയ അയ്യപ്പഭക്തരെല്ലാം സാധാരണപോലെ ശബരിമലയിലെത്തി ദര്‍ശനം കഴിഞ്ഞ് മടങ്ങുകയാണിപ്പോള്‍.