പ്രണയത്തിന്‍റെ രണ്ടാം മാസം, ഭവ്യക്ക് കാന്‍സറാണെന്ന് സ്ഥിരീകരിച്ചു. പക്ഷേ സച്ചിനൊന്നുറപ്പിച്ചിരുന്നു. അവളെ കൂടെ കൂട്ടുമെന്ന്. 

മലപ്പുറം: പ്രണയത്തിന്‍റെ കരുത്തില്‍ കാൻസറിനെ തോല്‍പ്പിക്കാനിറങ്ങിയവരാണ് മലപ്പുറം നിലമ്പൂര്‍ സ്വദേശികളായ ഭവ്യയും സച്ചിനും. ആ പോരാട്ടം ഏറെക്കുറെ വിജയിച്ചതിന്‍റെ സന്തോഷത്തിലാണ് ഈ പ്രണയദിനത്തിൽ ഇരുവരും. നിലന്പൂരിലെ അക്കൗണ്ടിംഗ് സ്ഥാപനത്തില്‍ ഒന്നിച്ച് പഠിച്ചിരുന്ന സച്ചിനും ഭവ്യയും ഒരുപാട് സ്വപ്നങ്ങള്‍ കണ്ടു. പക്ഷേ പിന്നെയങ്ങോട്ട് സിനിമാക്കഥകളെ വെല്ലുന്നതായിരുന്നു ഇവരുടെ ജീവിതം. 

സൗഹൃദം എപ്പോഴോ പ്രണയത്തിലേക്ക് വഴി മാറിയപ്പോൾ രണ്ടു പേരും ഒന്നിച്ച് ജീവിക്കാൻ തീരുമാനിച്ചു. ഭവ്യയ്ക്ക് നിലമ്പൂർ ബാങ്കിൽ ജോലി ലഭിച്ചു. സച്ചിനും പഠനം പൂർത്തിയാക്കി നല്ലൊരു ജോലി സമ്പാദിക്കാനുള്ള ശ്രമം തുടങ്ങി. എന്നാൽ ആ സന്തോഷം അധിക കാലം നീണ്ടു നിന്നില്ല. ശക്തമായ പുറംവേദനയുടെ രൂപത്തിൽ രോഗം ഭവ്യയെ തേടിയെത്തി. പ്രണയത്തിന്‍റെ രണ്ടാം മാസം, ഭവ്യക്ക് കാൻസറാണെന്ന് സ്ഥിരീകരിച്ചു. പക്ഷേ സച്ചിനൊന്നുറപ്പിച്ചിരുന്നു. അവളെ കൂടെ കൂട്ടുമെന്ന്. അങ്ങനെ കഴിഞ്ഞ സെപ്റ്റംബര്‍ എട്ടിന് സച്ചിൻ ഭവ്യയ്ക്ക് താലി ചാര്‍ത്തി. തുടര്‍ന്ന് കാൻസറിനെ വെല്ലുവിളിച്ച് പ്രണയത്തിന്‍റെ കരുത്തില്‍ ഇരുവരം അതിജീവനത്തിന്‍റെ പാത തെളിച്ചു. ഈ പ്രണയം ഒന്ന് മാത്രമാണ് ഭവ്യയ്ക്ക് താങ്ങായത്.

സച്ചിന്റെ സ്നേഹത്തിന്റെ തണലിൽ‌ ജീവിതം മുന്നോട്ട് കൊണ്ടുപോകാനാണ് ഭവ്യ തീരുമാനിച്ചത്. അവളെ ഒരു രോ​ഗത്തിനും വിട്ടുകൊടുക്കാൻ സച്ചിനും തയ്യാറായിരുന്നില്ല. കൂലിപ്പണിക്കാരനായിരുന്ന അച്ഛന്റെ വരുമാനത്തിൽ ഭവ്യയുടെ ചികിത്സാ ചെലവുകൾ മുന്നോട്ട് പോകില്ലെന്ന് തിരിച്ചറിഞ്ഞപ്പോൾ സച്ചിനും പഠനം പാതിവഴിയിൽ ഉപേക്ഷിച്ച് കൂലിപ്പണിക്കിറങ്ങാൻ തീരുമാനിച്ചു. അങ്ങനെ മാർബിൾ പണിക്ക് പോയി കിട്ടുന്ന വരുമാനം കൊണ്ടാണ് രണ്ട് കുടുംബങ്ങളെയും ഭവ്യയുടെ ചികിത്സയും മുന്നോട്ട് പോകുന്നത്. 

Read More: ഇവർക്ക് ജീവിക്കാൻ കാൻസറിനെ തോൽപിച്ചേ മതിയാകൂ; വൈറലായി കണ്ണീർകുറിപ്പ്

ആദ്യത്തെ കീമോ കഴിഞ്ഞപ്പോൾ തന്നെ ഇവരുടെ വിവാഹ നിശ്ചയം കഴിഞ്ഞു. എട്ടാമത്തെ കീമോയ്ക്കായി പോകുമ്പോൾ ഭവ്യ സച്ചിന്റെ പ്രണയിനി അല്ല, ഭാര്യയാണ്. ലളിതമായി ചടങ്ങുകളോട് കൂടി സച്ചിൻ അവളെ തന്‍റെ പാതിയാക്കി ചേർത്തു നിർത്തി. എന്നാൽ മാർബിൾ പണിക്ക് പോയി കിട്ടുന്ന വരുമാനം ഭീമമായ ചികിത്സാ ചെലവുകൾക്ക് തികയില്ല. നാട്ടുകാര്‍ ചേര്‍ന്ന് ഒരു കമ്മിറ്റി രൂപീകരിച്ച് സച്ചിനും ഭവ്യയ്ക്കും തുണയായെത്തിയിരുന്നു. രോഗവും സാമ്പത്തിക ബുദ്ധിമുട്ടുകളും അലട്ടുമ്പോഴും പരസ്പരം പ്രണയം നുകര്‍ന്ന് അതിജീവിക്കുകയാണ് അവര്‍.