ഇടുക്കി: മണൽ കടത്തു കേസിലെ പ്രതിയെന്ന് സംശയിച്ച് കസ്റ്റഡിയിലെടുത്ത യുവാവിനെ ഒരു സംഘം ആളുകൾ പൊലീസ് വാഹനം തടഞ്ഞ് ബലമായി രക്ഷപ്പെടുത്തി. ചൊവ്വാഴ്ച വൈകിട്ട് നാലരയോടെ വട്ടവട കോവിലൂരിനു സമീപമാണ് സംഭവം. ദേവികുളം എസ്.ഐ.കെ.ദിലീപ് കുമാറിന്റെ നേതത്വത്തിലുളള പോലീസ് സംഘം സഞ്ചരിച്ചിരുന്ന വാഹനമാണ് എട്ടോളം യുവാക്കൾ ചേർന്ന് തടഞ്ഞത്. 

കഴിഞ്ഞ ദിവസം വട്ടവട കോവിലൂരിനു സമീപമുള്ള പുഴയിൽ നിന്നും മണൽ കയറ്റിവന്ന വാഹനം പൊലീസ് വാഹനം എതിരെ വന്നതിനെ തുടർന്ന് വെപ്രാളത്തിൽ നിയന്ത്രണം വിട്ടു മറിഞ്ഞു. വാഹനത്തിനുള്ളിൽ ഉണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടു. ചൊവ്വാഴ്ച പട്രോളിംഗിനായി കോവിലൂരിൽ എത്തിയ പോലീസ് കലുങ്കിലിരുന്ന യുവാക്കളിൽ ഒരാളെ അന്ന് ഓടി രക്ഷപ്പെട്ടവരിലൊരാളെന്ന് സംശയിച്ച് ചോദ്യം ചെയ്യുന്നതിനായി വാഹനത്തിൽ കയറ്റി.

ഇതോടെയാണ് നാല് സ്കൂൾ വിദ്യാർത്ഥികളടക്കം എട്ട് പേർ ചേർന്ന് പോലീസ് വാഹനം തടഞ്ഞ് ബലപ്രയോഗത്തിൽ കസ്റ്റഡിയിലെടുത്തയാളെ  രക്ഷപ്പെടുത്തിയത്. എസ്.ഐ. അടക്കം നാല് ഉദ്യോഗസ്ഥർ മാത്രമാണ് വാഹനത്തിലുണ്ടായിരുന്നത്. ഇതിനു ശേഷം എല്ലാവരും ഇവിടെ നിന്നും മുങ്ങി. കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും പൊലീസിനെ ആക്രമിക്കാന്‍ ശ്രമിച്ചതിനും പ്രതികള്‍ക്ക് എതിരെ കേസ് എടുക്കുമെന്ന് എസ്‌ഐ ദിലീപ് കുമാര്‍ അറിയിച്ചു.