പള്ളിക്കലിനടുത്ത് വീടിന്റെ കാർ പോർച്ചിൽ ഒളിപ്പിച്ചിരുന്ന അഞ്ച് ലക്ഷം രൂപ വിലമതിക്കുന്ന ചന്ദനത്തടികളുമായി രണ്ടുപേർ പിടിയിൽ.

തിരുവനന്തപുരം: പള്ളിക്കലിന് സമീപം ഒരു വീടിൻ്റെ കാർ പോർച്ചിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയ അഞ്ച് ലക്ഷം രൂപയോളം വിലവരുന്ന ചന്ദനത്തടികളുമായി രണ്ടുപേരെ വനം വകുപ്പ് പിടികൂടി. പാലക്കാട് ചെർപ്പുളശേരി നെല്ലായി കൂരിത്തോടുവീട്ടിൽ മുഹമ്മദ് അലി (41), കല്ലുവാതുക്കൽ നടക്കൽ സജീവ് (49) എന്നിവരാണ് അറസ്റ്റിലായത്.

രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ പള്ളിക്കൽ തയ്ക്കാവിന് എതിർവശം താമസിക്കുന്ന അബ്ദുൾ ജലീലിൻ്റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് 102 കഷണങ്ങളാക്കി ചാക്കുകളിൽ സൂക്ഷിച്ച ചന്ദനത്തടി കണ്ടെടുത്തത്. കാർ പോർച്ചിൽ നിന്ന് ഒരു ചാക്കും വീടിന് പിന്നിൽ നിന്ന് മൂന്ന് ചാക്ക് ചന്ദനവുമാണ് പിടികൂടിയത്. അങ്ങാടി മരുന്നാണെന്ന് പറഞ്ഞ് അബ്ദുൾ ജലീലിനെ തെറ്റിദ്ധരിപ്പിച്ചാണ് ചാക്കുകൾ സൂക്ഷിക്കാൻ ഏൽപ്പിച്ചതെന്ന് ഇയാൾ മൊഴി നൽകി.

പ്രതികളെ ചോദ്യം ചെയ്തതിൽ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ അഞ്ചലിൽ സൂക്ഷിച്ചിരുന്ന കൂടുതൽ ചന്ദനത്തടികളും വനം വകുപ്പ് പിടികൂടി. അറസ്റ്റിലായവർ ഉൾപ്പെട്ട ഒരു വലിയ സംഘത്തെ രണ്ട് മാസം മുൻപ് ഫോറസ്റ്റ് ഉദ്യോഗസ്ഥർ പിടികൂടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെയാണ് കാർ പോർച്ചിലെ ചന്ദനം സംബന്ധിച്ച വിവരം ലഭിച്ചത്.

ചന്ദനമരം കണ്ടെത്തി വിലപേശുകയും അത് ലഭിക്കാതെ വന്നാൽ മുറിച്ച് കടത്തുകയുമാണ് ഈ സംഘത്തിൻ്റെ രീതിയെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. അറസ്റ്റിലായ പ്രതികളുടെ പേരിൽ വിവിധ പൊലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകൾ നിലവിലുണ്ട്. മലപ്പുറം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു വലിയ റാക്കറ്റാണ് ഇതിന് പിന്നിലെന്നും, ഇവരെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്താൽ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ പ്രതീക്ഷിക്കുന്നു.