Asianet News MalayalamAsianet News Malayalam

മണ്ണിടിച്ചിൽ ഭീഷണിയിൽ സ്കൂൾ കെട്ടിടം: മാനേജ്‍മെന്‍റിനെതിരെ രക്ഷിതാക്കൾ

പല തവണകളായി മണ്ണിടിഞ്ഞ് വൻ കുഴികളാണ് രൂപപ്പെട്ടത്. ഇതോടെ സ്കൂള്‍ കെട്ടിടത്തിന്‍റെ ഒരു ഭാഗം തന്നെ ഏത് സമയത്തും വീഴുമെന്ന അവസ്ഥയിലായി

School Building facing Landslide: Parents complaints against Management
Author
Malappuram, First Published Jun 5, 2019, 4:10 PM IST

മലപ്പുറം: മലപ്പുറം നടക്കാവ് ഭാരതീയ വിദ്യാഭവൻ സ്കൂളിലെ കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് രക്ഷിതാക്കള്‍ രംഗത്തെത്തി. മണ്ണിടിച്ചില്‍ മൂലം സ്കൂള്‍ കെട്ടിടം അപകടാവസ്ഥയിലായിട്ടും പരിഹാരം കാണാൻ മാനേജ്മെന്‍റ് തയ്യാറാവുന്നില്ലെന്നാണ് രക്ഷിതാക്കളുടെ പരാതി.

കഴിഞ്ഞ പ്രളയകാലത്ത് മണ്ണിടിഞ്ഞ് സ്കൂളിന്‍റെ മുൻഭാഗത്തെ മതില്‍ പൂര്‍ണ്ണമായും തകര്‍ന്നിരുന്നു. പിന്നാലെ പല തവണകളായി മണ്ണിടിഞ്ഞ് സമീപത്ത് വൻ കുഴികള്‍ രൂപപ്പെട്ടു. ഇതോടെ സ്കൂള്‍ കെട്ടിടത്തിന്‍റെ ഒരു ഭാഗം തന്നെ ഏത് സമയത്തും വീഴുമെന്ന അവസ്ഥയിലായി. 

ഈ ഭാഗത്തേക്ക് കളിക്കാനുമൊക്കെയായി പോകുന്ന കുട്ടികള്‍ കുഴിയില്‍ വീണ് അപകടത്തില്‍ പെടാനും സാധ്യതയേറി. രക്ഷിതാക്കളുടെ നിരന്തര പരാതിയെ തുടര്‍ന്ന് കുട്ടികള്‍ അപകട സ്ഥലത്തേക്ക് പോകാതിരിക്കാൻ മാനേജ്മെന്‍റ്  ഇരുമ്പ് ഷീറ്റുകൊണ്ട് മറച്ചു കെട്ടി. പക്ഷെ സ്കൂള്‍ കെട്ടിടത്തിന്‍ അപകടാവസ്ഥ പരിഹരിക്കാൻ ഒരു നടപടിയും എടുക്കുന്നില്ലെന്നാണ് രക്ഷിതാക്കളുടെ പരാതി.

എല്‍കെജി മുതല്‍ പത്താം ക്ലാസ് വരെയായി 972 കുട്ടികള്‍ പഠിക്കുന്ന അൺഎയ്ഡഡ് സ്കൂളാണ് ഇത്. സമീപത്തെ ചില സ്ഥലമുടമകള്‍ അശാസ്ത്രീയമായി മണ്ണെടുത്തതാണ് മതില്‍ ഇടിഞ്ഞുവീഴാൻ കാരണമെന്നാണ് മാനേജ്മെന്‍റ് വിശദീകരണം. നിയമ നടപടികളില്‍ കുടുങ്ങിക്കിടക്കുന്നത് കൊണ്ടാണ് അറ്റകുറ്റ പണികള്‍ ചെയ്യാൻ കഴിയാത്തതെന്നും പ്രി‍ൻസിപ്പാൾ പറഞ്ഞു.

"

Follow Us:
Download App:
  • android
  • ios