Asianet News MalayalamAsianet News Malayalam

കോട്ടയം മെഡിക്കല്‍ കോളേജിലെ ഏഴാമത്തെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയും വിജയകരം

അത്യധികം വേദനയിലും അയവദാനത്തിന് മുന്നോട്ടുവന്ന കുടുംബാംഗങ്ങള്‍ക്ക് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ നന്ദി പറഞ്ഞു.
 

seventh heart transplantation in kottayam medical college
Author
Kottayam, First Published Aug 14, 2020, 5:13 PM IST

തിരുവനന്തപുരം: സന്നദ്ധ പ്രവര്‍ത്തകനായ കോട്ടയം വ്ളാക്കാട്ടൂര്‍ സ്വദേശി സച്ചിന്റെ (22) അകാല വേര്‍പാട് ആറ് പേര്‍ക്കാണ് പുതുജീവിതം നല്‍കിയത്. അപകടത്തെത്തുടര്‍ന്ന് മസ്തിഷ്‌ക മരണമടഞ്ഞ സച്ചിന്റെ ഹൃദയം, കരള്‍, രണ്ട് വൃക്കകള്‍, രണ്ട് കണ്ണുകള്‍ എന്നിവയാണ് ദാനം നല്‍കിയത്. ഹൃദയവും ഒരു വൃക്കയും കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള രോഗിക്കും, കരള്‍ കൊച്ചി ആംസ്റ്റര്‍ മെഡിസിറ്റിയില്‍ ചികിത്സയിലുള്ള രോഗിക്കും, ഒരു വൃക്ക എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റലിനും, രണ്ട് കണ്ണുകള്‍ മെഡിക്കല്‍ കോളേയിലെ ഐ ബാങ്കിനുമാണ് നല്‍കിയത്. 

ഇതോടെ കോട്ടയം മെഡിക്കല്‍ കോളേജില്‍ മറ്റൊരു ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രകിയ്ക്ക് കൂടി വേദിയായി. ലോക്ഡൗണ്‍ കാലത്ത് അവയവദാന പ്രക്രിയയിലൂടെ ആദ്യ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടന്നതും ഇവിടെയായിരുന്നു. സംസ്ഥാനത്ത് സര്‍ക്കാര്‍ മേഖലയിലെ ഏഴാമത്തെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയാണിത്. ഈ ഏഴ് ശസ്ത്രക്രിയകളും കോട്ടയം മെഡിക്കല്‍ കോളേജിലാണ് നടന്നത്. മെഡിക്കല്‍ കോളേജില്‍ നടന്ന 52-ാമത്തെ വൃക്ക മാറ്റിവയ്ക്കല്‍ കൂടിയാണ്.

അത്യധികം വേദനയിലും അയവദാനത്തിന് മുന്നോട്ടുവന്ന കുടുംബാംഗങ്ങള്‍ക്ക് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ നന്ദി പറഞ്ഞു. ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ കോട്ടയം മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാര്‍ ഉള്‍പ്പെടെയുള്ള എല്ലാവരേയും മന്ത്രി അഭിനന്ദിക്കുകയും ചെയ്തു.

seventh heart transplantation in kottayam medical college

കഴിഞ്ഞ അഞ്ചാം തീയതി തിരുവഞ്ചൂരില്‍ വച്ചാണ് ബൈക്കപകടം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ സച്ചുവിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ച് വിദഗ്ധ ചികിത്സ നല്‍കി. 12ന് മസ്തിഷ്‌ക മരണം സംഭവിച്ചു. രണ്ട് അപ്നിയ ടെസ്റ്റ് നടത്തി മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു. അവയവദാനത്തിന്റെ സാധ്യതകളറിയാവുന്ന ബന്ധുക്കള്‍ ലോക അവയവദാന ദിനമായ ആഗസ്റ്റ് 13ന് അവയവദാനത്തിന് സന്നദ്ധമായി മുന്നോട്ട് വന്നതും മറ്റൊരു പ്രത്യേകതയായി.

കേരള സര്‍ക്കാരിന്റെ മരണാനന്തര അവയവദാന പദ്ധതിയായ മൃതസഞ്ജീവനി വഴിയാണ് അവയവദാന പ്രകൃയ നടത്തിയത്. മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. ടി കെ ജയകുമാര്‍, മൃതസഞ്ജീവനി സെന്‍ട്രല്‍ സോണ്‍ നോഡല്‍ ഓഫീസര്‍ കെ.പി. ജയകുമാര്‍, യൂറോളജി വിഭാഗം മേധാവി ഡോ. സുഭാഷ് ഭട്ട്, അനസ്തീഷ്യാ വിഭാഗം മേധാവി ഡോ. ശാന്തി എന്നിവരാണ് അവയവദാന പ്രകൃയയ്ക്കും ശസ്ത്രകൃയയ്ക്കും നേതൃത്വം നല്‍കിയത്. സച്ചിന്റെ പിതാവ് എം.ആര്‍. സജിയും മാതാവ് സതിയുമാണ്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോകും.

Follow Us:
Download App:
  • android
  • ios