പാറശാല: ആശുപത്രി മാലിന്യമടക്കം കലര്‍ന്ന വെള്ളം തെളിനീരാക്കി മാറ്റാൻ സ്വീവേജ് ട്രീറ്റ്മെന്‍റ് പ്ലാന്‍റുമായി പാറശാല സര്‍ക്കാര്‍ ആശുപത്രി. ശുചീകരിച്ചെത്തിക്കുന്ന വെള്ളം പൂന്തോട്ടങ്ങളിലേക്കും ശുചിമുറികളിലേക്കുമാണ് ഉപയോഗിക്കുക . 

ആശുപത്രിയിലെ മലിനജലം നിര്‍മാര്‍ജനം ചെയ്യുന്നത് വലിയ വെല്ലുവിളിയായതോടെയാണ് സ്വീവേജ് ട്രീറ്റ്മെന്‍റ് പ്ലാന്‍റ് സ്ഥാപിച്ചത്. ആശുപത്രിയിലെ ബയോ മാലിന്യം കലര്‍ന്ന വെള്ളമടക്കം പ്ലാന്‍റിലെത്തിക്കും . അവിടെ ശുദ്ധീകരിച്ച ശേഷം  വെള്ളം ശുചിമുറികളിലെ ഫ്ലഷുകളിലേക്കും ആശുപത്രിയില്‍ സജ്ജീകരിച്ചിട്ടുള്ള പൂന്തോട്ടത്തിലേക്കുമെത്തിക്കും .  സംസ്ഥാന പ്ലാന്‍ ഫണ്ടിൽ നിന്ന് 2.20 കോടി രൂപ ചെലവഴിച്ചാണ് പ്ലാന്‍റ് നിര്‍മിച്ചത് .

ദിവസേന 250 കിലോ ലീറ്റര്‍ മലിന ജലം ഈ പ്ലാന്‍റ് വഴി ശുദ്ധീകരിക്കാം . സ്വീവേജ് ട്രീറ്റ്മെന്‍റ് പ്ലാന്‍റ് കൂടി വന്നതോടെ പാറശാല താലൂക്ക് ആശുപത്രി മലീനീകരണ നിയന്ത്രണ ബോര്‍ഡിൻറേയും ഹരിത ട്രൈബ്യൂൂണലിന്‍റേയും ചട്ടങ്ങൾ പൂര്‍ണമായും പാലിക്കുന്ന സ്ഥാപനമായി മാറി.