ബ്രിട്ടനിലെ ഇന്ത്യൻ വർക്കേഴ്സ് അസോസിയേഷന്‍റെ ദേശീയ പ്രസിഡന്റ് ഹർശേവ് ബൈൻസാണ് എസ് എഫ് ഐ ഓഫീസ് ഉദ്ഘാടനം നിർവഹിച്ചത്

ലണ്ടൻ: സ്റ്റുഡന്‍റ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ (എസ് എഫ് ഐ) ലണ്ടനിലും ആസ്ഥാന മന്ദിരം തുറന്നു. 1981 ജൂലൈയിൽ രക്തസാക്ഷിത്വം വഹിച്ച പ്രദീപ് കുമാറിന്റെ ഓർമ്മ ദിനത്തിലാണ് എസ് എഫ് ഐ ലണ്ടൻ ഓഫീസ് തുറന്നത്. എസ് എഫ് ഐ യു കെ വൈസ് പ്രസിഡന്‍റ് നുപുർ അധ്യക്ഷത വഹിച്ച പരിപാടിയിൽ ബ്രിട്ടനിലെ ഇന്ത്യൻ വർക്കേഴ്സ് അസോസിയേഷന്‍റെ ദേശീയ പ്രസിഡന്റ് ഹർശേവ് ബൈൻസാണ് ഓഫീസ് ഉദ്ഘാടനം നിർവഹിച്ചത്. ആഗോള തലത്തിൽ തന്നെ വിദ്യാർഥി സമൂഹം വലിയ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകേണ്ട കാലഘട്ടമാണ് ഇതെന്നും എസ് എഫ് ഐ അതിന് മികച്ച രീതിയിൽ നേതൃത്വം നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. എസ് എഫ് ഐ, എസ് എഫ് ഐ എന്ന് വലിയ ആവേശത്തോടെ മുദ്രാവാക്യം വിളിച്ചാണ് പ്രവർത്തകർ പരിപാടിയിൽ പങ്കെടുത്തത്.

ഫിഡൽ കാസ്ട്രോയുടെ പരിഭാഷകൻ ആയിരുന്ന ലൂർദ് ഉൾപ്പെടെ ക്യൂബയിൽ നിന്നടക്കമുള്ള നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു. ബ്രിട്ടനിലെ ഇന്ത്യൻ വിദ്യാർഥികളുടെ പോരാട്ടത്തിന്‍റെ കേന്ദ്രമായി ഇത് എസ് എഫ് ഐ ഓഫീസ് മാറുമെന്ന പ്രതീക്ഷയാണ് നേതാക്കൾ പങ്കുവച്ചത്. എസ് എഫ് ഐ യു കെ സെക്രട്ടറി നിഖിൽ മാത്യു, ബ്രിട്ടനിലെ ഇന്ത്യൻ വർക്കേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ലിയോസ് എന്നിവർ പ്രവർത്തകരെ അഭിവാദ്യം ചെയ്ത് സംസാരിച്ചു. എസ്‌ എഫ്‌ ഐ യു കെ ജോയിന്റ് സെക്രട്ടറി വിഷാൽ ഉദയകുമാറാണ് ചടങ്ങിൽ നന്ദി പറഞ്ഞത്.