ഹരിപ്പാട്:  കുടിവെള്ള പൈപ്പ് ലൈൻ പൊട്ടിയിട്ട് ആറുമാസത്തിലേറെയായിട്ടും പരിഹാരം കാണാതെ വാട്ടർ അതോറിറ്റി അധികൃതർ. പ്രദേശ വാസികൾ ഗാർഹികാവശ്യത്തിന് ഉപയോഗിക്കുന്ന വെള്ളത്തിന്  ദുർഗന്ധവും ചെളിയും. ആറാട്ടുപുഴ പതിനഞ്ചാം വാർഡിൽ മീനത്ത് പടിഞ്ഞാറു ഭാഗത്താണ് കുടിവെള്ള പൈപ്പ് പൊട്ടി തോട്ടിൽ നിന്നും അഴുക്കു വെള്ളം കയറി ടാപ്പിൽ കൂടി ദുർഗന്ധം വരുന്നത്. തോടുമായി അടുത്തുള്ള പൈപ്പ് ആണ് പൊട്ടിയത്. പലപ്രാവശ്യം അധികൃതരെ വിവരം അറിയിച്ചെങ്കിലും പരിഹരിക്കാൻ അവർ തയ്യാറാകുന്നില്ല. കരാർ തൊഴിലാളികളുടെ ക്ഷാമമാണ് പരിഹരിക്കാൻ പറ്റാത്തതെന്നാണ് അധികൃതരുടെ മറുപടി. 

വൈകുന്നേരം ആറു മണിമുതൽ രാത്രി പത്തു മണിവരെ പമ്പ് പ്രവർത്തിക്കാത്തപ്പോൾ ഇവിടെ കെട്ടി കിടക്കുന്ന അഴുക്കുവെള്ളം പൈപ്പിലൂടെ കയറി പരിസരത്തുള്ള വീടുകളിലെ ടാപ്പിൽ എത്തുകയും കുടിക്കാനും മറ്റും പ്രാഥമിക കാര്യത്തിനും വേണ്ടി ഉപയോഗിക്കുകയും ചെയ്യേണ്ട ഗതികേടിലാണ്. കൂടാതെ പലസമയങ്ങളിലും കുടിവെള്ള ലഭ്യത കുറയുകയും വെള്ളത്തിന്റെ ശക്തി കുറയുകയും ചെയ്യുന്നുണ്ട്. പലപ്പോഴും തുരുമ്പ് കലർന്ന വെള്ളമാണ് ലഭിക്കുന്നത്. കുടിവെള്ള സംഭരണിയും പൈപ്പും ശുചീകരണ പ്രവർത്തനങ്ങൾ വർഷങ്ങൾക്ക് മുമ്പ് ചെയ്‌തെങ്കിലും കഴിഞ്ഞ വർഷങ്ങളിൽ അതിനെ കുറിച്ച് ചിന്തിച്ചിട്ടു പോലുമില്ല അധികൃതർ. പ്രദേശ വാസികൾക്ക് സാംക്രമിക രോഗം പിടിപെടും മുമ്പ് ഉടൻ പരിഹാരം കാണണമെന്നാണ് നാട്ടുകാർ പറയുന്നത്.