Asianet News MalayalamAsianet News Malayalam

നവോത്ഥാന മതിലിന് പിന്തുണ: എസ്എൻഡിപി യോഗം ഡയറക്ടർ ബോർഡംഗത്തിന്‍റെ സ്ഥാപനത്തിന് നേരേ ആക്രമണം

നവോത്ഥാന മതിലിന്റെ പ്രവർത്തനങ്ങൾക്ക് സജീവമായി രംഗത്തിറങ്ങിയ എസ്എൻഡിപി യോഗം ഡയറക്ടർ ബോർഡംഗം ദയകുമാറിന്‍റെ മാവേലിക്കര എ ആർ ജങ്ഷനിലുള്ള ട്രോഫി മാളിന് നേരേ ആക്രമണം. ഇന്നലെ പുലർച്ചെ 3.42 നാണ് സംഭവം. 
 

SNDP leaders shop attacked
Author
Mavelikara, First Published Dec 16, 2018, 12:53 AM IST

മാവേലിക്കര:  നവോത്ഥാന മതിലിന്റെ പ്രവർത്തനങ്ങൾക്ക് സജീവമായി രംഗത്തിറങ്ങിയ എസ്എൻഡിപി യോഗം ഡയറക്ടർ ബോർഡംഗം ദയകുമാറിന്‍റെ മാവേലിക്കര എ ആർ ജങ്ഷനിലുള്ള ട്രോഫി മാളിന് നേരേ ആക്രമണം. ഇന്നലെ പുലർച്ചെ 3.42 നാണ് സംഭവം. എ ആർ ജങ്ഷനിലെ തോമസ് കോര ബിൽഡിങ്ങിന്റെ മുകളിലത്തെ നിലയിൽ പ്രവർത്തിച്ചു വരുന്ന സ്ഥാപനത്തിന്റെ റോഡിനഭിമുഖമായുള്ള ഗ്ലാസ്സുകൾ മെറ്റൽ  - കോൺക്രീറ്റ് കല്ലുകൾ കൊണ്ട് എറിഞ്ഞ് തകർക്കുകയായിരുന്നു. വെള്ളിയാഴ്ച ഹർത്താലായിരുന്നത് കാരണം വൈകിട്ട് 6 ന് ശേഷമാണ് ദയകുമാർ കട തുറന്നത്. 7 മണിക്ക് അടക്കുകയും ചെയ്തു. 

ശനിയാഴ്ച രാവിലെ 9.15 ന് കട തുറന്നപ്പോൾ കടയുടെ മുൻ ഭാഗത്തെ ഗ്ലാസ്സുകൾ എറിഞ്ഞു തകർത്തിരിക്കുന്നതായാണ് കണ്ടത്. വിൽപനയ്ക്ക് വച്ചിരുന്ന കൃഷ്ണ വിഗ്രഹങ്ങളും ട്രോഫികളും ആക്രമണത്തിൽ തകർന്നു. എറിയാൻ ഉപയോഗിച്ച മെറ്റൽ കോൺക്രീറ്റ് കല്ലുകളും കട്ടകളും കടയിൽ ചിതറിക്കിടന്നിരുന്നു. ആക്രമണം നടന്ന സമയം തിരിച്ചറിഞ്ഞത് കടയിലെ സിസിടിവി ദൃശ്യങ്ങളിലൂടെയാണ്. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍റെ ആഹ്വാന പ്രകാരം നവോത്ഥാന മതിലിന്റെ പ്രചാരണം നടത്തുന്നതിന് തനിക്കെതിരെ വലിയ എതിർപ്പുകളുണ്ടെന്ന് ദയകുമാർ പറയുന്നു.

ചരിത്രമാകാൻ പോകുന്ന നവോത്ഥാന മതിലിന്റെ പ്രവർത്തനങ്ങളിൽ ജനറൽ സെക്രട്ടറിയുടെയും എൽഡിഎഫ് സർക്കാരിന്റെയും നിലപാടുകളെ  പിന്തുണച്ചും പ്രോത്സാഹിപ്പിച്ചും സോഷ്യൽ മീഡിയകളിൽ വിദ്വേഷമോ പകയോ സൃഷ്ടിക്കാതെ താൻ നടത്തുന്ന പ്രചാരണങ്ങളിൽ അസ്വസ്ഥത പൂണ്ടവരാണ് ആക്രമണത്തിന് പിന്നിലെന്നും ദയകുമാർ പറഞ്ഞു. 12 വർഷമായി എസ്എൻഡിപി യോഗത്തിന്റെ മാവേലിക്കര യൂണിയൻ കൗൺസിലറായും ചെന്നിത്തല മേഖലാ കൺവീനറായും പ്രവർത്തിച്ചു വരുന്നയാളാണ് ഇദ്ദേഹം. എന്തു വന്നാലും നവോത്ഥാന മതിലിന്‍റെ പ്രചാരണ പ്രവർത്തനങ്ങളിൽ നിന്നും പിന്നോട്ട് പോവില്ലെന്ന ഉറച്ച തീരുമാനത്തിലാണ് ദയകുമാർ. മാവേലിക്കര പോലീസിൽ പരാതി നൽകി.
 

Follow Us:
Download App:
  • android
  • ios