തിരുവനന്തപുരം കടയ്ക്കാവൂര്‍ സ്വദേശിയായ യുവതിയുടെ പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 

കടയ്ക്കാവൂര്‍: സാമൂഹ്യ മാധ്യമങ്ങള്‍ വഴി യുവതികളെ വലയിലാക്കി പണവും സ്വര്‍ണ്ണവും തട്ടുന്ന യുവാവ് അറസ്റ്റില്‍. ബെംഗളൂരുവില്‍ നിന്നാണ് കേരള പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. തമിഴ്നാട്, കര്‍ണ്ണാടക സൈബര്‍ സെല്ലിന്‍റെ സഹായത്തോടെയാണ് ബെംഗളൂരുവിലെ പ്രമുഖ സോഫ്റ്റ്വെയര്‍ കമ്പനിയില്‍‍ അനലിസ്റ്റായ ചെന്നൈ അംബത്തൂര്‍ സ്വദേശിയായ ജെറി എന്ന് വിളിക്കപ്പെടുന്ന ശ്യാമിനെ അറസ്റ്റ് ചെയ്തത്. ഇയാള്‍ക്ക് 28 വയസാണ്.

തിരുവനന്തപുരം കടയ്ക്കാവൂര്‍ സ്വദേശിയായ യുവതിയുടെ പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മോഡല്‍ ചമഞ്ഞ് സോഷ്യല്‍ മീഡിയയിലെ പെണ്‍കുട്ടികളുമായി അടുപ്പം സ്ഥാപിക്കുകയും അതുവഴി അവരുടെ ഫോട്ടോകളും വീഡിയോകളും കരസ്ഥമാക്കി ഇത് ഉപയോഗിച്ച് അവരുടെ കൈയ്യില്‍ നിന്നും സ്വര്‍ണ്ണവും പണവും കൈക്കലാക്കുന്നതായിരുന്നു ഇയാളുടെ രീതി. 

കടയ്ക്കാവൂരിലെ യുവതിയെയും ഇത്തരത്തില്‍ ഇയാള്‍ കെണിയില്‍ കുരുക്കുകയായിരുന്നു. ഇയാള്‍ക്ക് നിരവധി സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഉള്ളതായി പൊലീസ് പറയുന്നു. ഇയാളുടെ ഫോണില്‍ നിന്നും നിരവധി സ്ക്രീന്‍ ഷോട്ടുകള്‍ കണ്ടെടുത്തതായി പൊലീസ് പറയുന്നു. വിവിധ ഐടി സ്ഥാപനങ്ങളുടെ പേരില്‍ ഇയാള്‍ വ്യാജ ഐഡികള്‍ സൃഷ്ടിച്ചിട്ടുണ്ടെന്ന് പൊലീസ് പറയുന്നു.

ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളില്‍ മാറി മാറി താമസിച്ചാണ് ഇയാള്‍ തട്ടിപ്പുകള്‍ നടത്തിയത് എന്നാണ് പൊലീസ് പറയുന്നത്. കേരളത്തില്‍ വേറെയും ഒട്ടറെ സ്ത്രീകളെ ഇയാള്‍ കെണിയില്‍ പെടുത്തിയിരിക്കാന്‍ സാധ്യതയുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. റിമാന്‍റിലുള്ള ഇയാളെ ഉടന്‍ തന്നെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങും.