കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് കേന്ദ്രീകരിച്ച് സന്നദ്ധ പ്രവർത്തനം നടത്തിവന്ന സക്കീർ കോവൂർ അന്തരിച്ചു. 52 വയസ്സായിരുന്നു. ഹെൽപ്പിങ് ഹാന്റ്സ് ചാരിറ്റബിൾ ട്രസ്റ്റിന്റെ പിആർഒയും  ജില്ലാ പഞ്ചായത്തിന്റെ സ്നേഹസ്പർശം പദ്ധതി എക്സിക്യൂട്ടീവ് കമ്മറ്റി അംഗവുമായ അദ്ദേഹം എയ്ഡ്സ് കെയർ സെന്ററിന്റെ കൺവീനറുമായിരുന്നു.

രാവിലെ മെഡിക്കൽ കോളേജിലെ പാവപ്പെട്ട രോഗികൾക്കുള്ള ഹെല്പിങ് ഹാൻഡ്‌സിന്റെ ഭക്ഷണ വിതരണത്തിൽ തുടങ്ങുന്നതായിരുന്നു സക്കീറിന്റെ ദിവസങ്ങളിൽ മിക്കതും. രാവിലെത്തെ ഭക്ഷണ വിതരണം കഴിഞ്ഞാൽ സക്കീർ കെയർ ഹോമിലെ കാൻസർ രോഗികൾക്ക് അടുത്തെത്തും. ആരും സഹായിക്കാനില്ലാത്ത കോഴിക്കോട്ടെ എയിഡ്സ് രോഗികളുടെ ആശ്രയവുമായിരുന്നു സക്കീർ. കോഴിക്കോട് കോർപ്പറേഷന്റെ കിഡ്നി രോഗികൾക്കുള്ള സ്നേഹസ്പർശം പദ്ധതിയിലും അദ്ദേഹം നിറസാന്നിദ്ധ്യമായിരുന്നു.

ആരോഗ്യ ബോധവത്കരണ രംഗത്ത് സക്കീര്‍ നൂറിലേറെ പ്രഭാഷണങ്ങൾ നടത്തിയിട്ടുണ്ട്. നിഷ കോവൂരാണ് ഭാര്യ  മൂന്ന് മക്കളുണ്ട്. മയ്യത്ത് നമസ്കാരം ഇന്ന് വൈകുന്നേരം നാലിന് കോവൂർ ജുമാ മസ്ജിദിൽ നടക്കും.