തിരുവനന്തപുരം: വിഴിഞ്ഞം വെങ്ങാനൂരിൽ പൂട്ടിയിട്ടിരുന്ന വീട്ടിൽ നിന്നും 20 പവനും രണ്ടു ലക്ഷം രൂപയും മോഷണം പോയതായി പരാതി. വെങ്ങാനൂർ അക്ഷയകേന്ദ്രത്തിന് സമീപം ഋഷികേശിൽ ശശിധരൻ നായരുടെ വീട്ടിലാണ് മോഷണം നടന്നത്. ശശിധരൻ നായരും ഭാര്യയും ആയുർവേദ ചികിത്സക്കായി ആശുപത്രിയിലായിരുന്നതിനാൽ വീട് കഴിഞ്ഞ 6 ദിവസമായി പൂട്ടിയിട്ടിരിക്കുകയായിരുന്നു.

ബുധനാഴ്ച വൈകിട്ടോടെ വീട്ടിലെത്തിയ ബന്ധുവായ യുവാവാണ് കവർച്ച നടന്ന മനസിലാക്കി മറ്റുള്ളവരെ അറിയിച്ചത്. വീടിന്‍റെ മുൻ വാതിൽ തകർത്ത് അകത്ത് കടന്ന കള്ളൻ  അലമാരയിൽ സൂക്ഷിച്ചിരുന്ന 20 പവൻ ആഭരണവും രണ്ടു ലക്ഷത്തോളം രൂപയുമാണ് മോഷ്ടിച്ചതെന്ന് വിഴിഞ്ഞം പൊലീസ് പറഞ്ഞു.

സഹോദരിയുടെ മകളുടെ വിവാഹാവശ്യത്തിനായി ബാങ്കിൽ നിന്നും പിൻവലിച്ച് അലമാരയിൽ സൂക്ഷിച്ചിരുന്ന രണ്ടു ലക്ഷം രൂപയാണ് മോഷണം പോയത്.  എന്നാൽ വീടിന്‍റെ പൂജാമുറിയിൽ സൂക്ഷിച്ചിരുന്ന പണവും ആഭരണവും നഷ്ടപെട്ടിട്ടില്ല. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.