റിയാദ്: സൗദിയിൽ സ്‌കൂള്‍ ബസുകളുടെ ഡ്രൈവര്‍മാര്‍ക്ക് പ്രത്യേക പരിശീലന പദ്ധതി നടപ്പിലാക്കുന്നു. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായാണ് പുതിയ നടപടി. രാജ്യത്തെ സ്‌കൂളുകളിലെയും കോളേജുകളിലെയും വിദ്യാര്‍ത്ഥികളെയും കൊണ്ടുപോകുന്ന ബസുകളുടെ ഡ്രൈവർമാർ യാത്രയിൽ അത്യാഹിതമുണ്ടാകുമ്പോഴും മറ്റു അടിയന്തിര സാഹചര്യത്തിലും കൈക്കൊള്ളേണ്ട കാര്യങ്ങളിൽ പരിശീലനം നേടിയിരിക്കണമെന്നാണ് പുതിയ വ്യവസ്ഥ.

ബസ് ഡ്രൈവറെ കൂടാതെ ബസിനുളളില്‍ കുട്ടികളുടെ ഇരിപ്പിടം ക്രമീകരിക്കുന്നതിനും കൂട്ടികളെ സുരക്ഷിതമായി ഇറക്കുകയും കയറ്റുകയും ചെയ്യുന്നതിനും പ്രത്യേകമായി ഒരാളെ നിയമിക്കുകയും വേണം. സ്കൂളുകൾക്ക് കുട്ടികളുടെ യാത്രാ സൗകര്യത്തിനായി ബസുകൾ നൽകുന്ന സ്ഥാപനങ്ങൾ ഈ നിബന്ധനകളെല്ലാം പാലിച്ചിരിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം നിര്‍ദേശിച്ചു. സ്‌കൂള്‍ ബസ് ഡ്രൈവർമാരായി സ്വദേശികളെ മാത്രമേ നിയമിക്കാവു എന്ന വ്യവസ്ഥയുണ്ടെങ്കിലും നിയമം കര്‍ശനമാക്കിയിട്ടില്ല.

എന്നാല്‍ ഈ നിയമം കര്‍ശനമായി നടപ്പിലാക്കാനാണ് അധികൃതരുടെ തീരുമാനം. ഡ്രൈവർമാരുടെ അശ്രദ്ധ കാരണം ചില സ്ഥലങ്ങളിൽ സ്കൂൾ ബസിനുള്ളിൽ കുട്ടികൾ മരിക്കാനിടയായ സാഹചര്യത്തിലാണ് അധികൃതർ നിയമം കർശനമാക്കുന്നത്.