Asianet News MalayalamAsianet News Malayalam

ശ്രീനാരായണഗുരുവിന്റെ ദൈവദശകം കര്‍ണാടക സംഗീത രാഗത്തിലേക്കു മാറ്റി ടി.എം. കൃഷ്ണ

ലോകം കടന്നു പോകുന്ന കാലഘട്ടത്തില്‍ ഗുരു മുന്നോട്ടു വച്ച സമഭാവന എന്ന ആശയത്തിനു പ്രസക്തിയേറെയെന്ന് ടിഎം കൃഷ്ണ..

Sree Narayana Guru's Krithi has been shifted to Carnatic music by t m Krishna
Author
Kozhikode, First Published Jan 28, 2021, 3:14 PM IST

കോഴിക്കോട്: ശ്രീനാരായണ ഗുരുവിന്റെ പ്രസിദ്ധമായ പ്രാര്‍ത്ഥനാ കവിതയായ ദൈവദശകം കര്‍ണാടക സംഗീത രാഗത്തിലേക്ക് മാറ്റി ടി.എം. കൃഷ്ണ. ശ്രീനാരായണ ഗുരുവിന്റെ സാന്നിധ്യം നിറയുന്ന സ്വരമാധുരി കോഴിക്കോട് കാരപ്പറമ്പ്  സ്‌കൂളില്‍ പെയ്തിറങ്ങിയപ്പോൾ ഹര്‍ഷാരവങ്ങളോടെയാണ് ആസ്വാദക ഹൃദയം ഏറ്റുവാങ്ങിയത്. 

പത്തുമാസത്തിനു ശേഷം ടി.എം. കൃഷ്ണയുടെ രണ്ടാമത്തെ കച്ചേരിയായിരുന്നു ഇത്. കൃഷ്ണയുടെ ആദ്യ കച്ചേരി റിപ്പബ്ലിക് ദിനത്തില്‍ കണ്ണൂരില്‍ അരങ്ങേറി. ശ്രീനാരായണ ഗുരുവിന്റെ ഭദ്രകാളി അഷ്ടകം, അനുകമ്പാ ദശകം , ജനനി നവരത്‌ന മഞ്ജരി, ചിജ്ജഢ ചിന്തനം, ഗംഗാഷ്ടകം, ആത്മോപദേശ ശതകം എന്നീ കൃതികളില്‍ നിന്നുള്ള ഭാഗങ്ങളാണ് കൃഷ്ണ ആലപിച്ചത്. വയലിനില്‍ അക്കരായ് സുബ്ബലക്ഷ്മി, മൃദംഗത്തില്‍ ബി. ശിവരാമന്‍, ഘടത്തില്‍ എന്‍. ഗുരുപ്രസാദ് എന്നിവര്‍ കച്ചേരിയെ മിഴിവുറ്റതാക്കി. 

 ദൈവദശകം ആസ്പദമാക്കി നിര്‍മിച്ച 'ആഴിയും തിരയും'  എന്ന സംഗീത പരിപാടിയുടെ രണ്ടാം ഭാഗമായിരുന്നു കോഴിക്കോട് അരങ്ങേറിയത്. ആദ്യ ഭാഗം കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന്  മുംബൈയിലെ ടാറ്റ തിയ്യെറ്ററില്‍ അവതരിപ്പിച്ചു. ലോകം കടന്നുപോകുന്ന കാലഘട്ടത്തില്‍ ഗുരു മുന്നോട്ടു വച്ച സമഭാവന എന്ന ആശയത്തിനു പ്രസക്തിയേറെയെന്ന് ടിഎം കൃഷ്ണ പറഞ്ഞു. 

ഈ ആശയം മുന്‍നിര്‍ത്തിയാണ് 'ആഴിയും തിരയും' എന്ന പ്രമേയം പിറക്കുന്നത്.  നൂല്‍ ആര്‍ക്കൈവ്സും, ബാക്ക് വാട്ടേഴ്‌സുമാണ് ഇതിന്റെ  അണിയറ ശില്‍പ്പികള്‍. യുആര്‍യു ആര്‍ട്ട് ഹാര്‍ബര്‍റും (ഉരു), ഡിസൈന്‍ ആശ്രമവും ചേര്‍ന്നാണ് കോഴിക്കോട്ട് പരിപാടി സംഘടിപ്പിച്ചത്. 

Follow Us:
Download App:
  • android
  • ios