കോഴിക്കാട്: ജീവന് ഭീഷണി ഉയര്‍ത്തി കുന്ദമംഗലം മുപ്രക്കുന്ന് ഹരിജന്‍ കോളനിയില്‍  മുപ്പതടി ഉയരത്തില്‍ മണ്ണെടുത്ത് കൂറ്റന്‍ കെട്ടിടം നിര്‍മ്മിക്കുന്നതിനെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍.

ജില്ലാ കളക്ടര്‍, കുന്ദമംഗലം പഞ്ചായത്ത് സെക്രട്ടറി എന്നിവര്‍ പരാതിയെ കുറിച്ച് അന്വേഷിച്ച് 30 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം പി. മോഹനദാസ് ആവശ്യപ്പെട്ടു. 

മണ്ണെടുത്തതോടെ മുപ്പതടി ഉയരത്തിലാണ് മുന്‍ ഓട്ടോ തൊഴിലാളിയായ ബാബുവും കുടുംബവും താമസിക്കുന്നത്. ബാബു ശാരീരിക ബുദ്ധിമുട്ട്  അനുഭവിക്കുന്ന വ്യക്തിയാണ്. കെട്ടിടം പണി നടക്കുന്നതിനാല്‍ ബാബുവിന്റെ വീടിന്റെ അടുക്കള ഭാഗത്ത് വിള്ളലുണ്ട്. മണ്ണെടുത്ത ഭാഗം സുരക്ഷിതമായി കെട്ടിയുറപ്പിക്കണമെന്ന് കെട്ടിടം ഉടമയോട് ബാബു ആവശ്യപ്പെട്ടെങ്കിലും കേട്ടില്ല. ഏതു സമയത്തും തന്റെ വീട് ഇടിഞ്ഞു വീഴുമെന്ന ഭയത്തിലാണ് ബാബു. സര്‍ക്കാര്‍ പിന്നാക്കവിഭാഗങ്ങള്‍ക്ക് പതിച്ചുനല്‍കിയ സ്ഥലം കൈമറിഞ്ഞാണ് കെട്ടിടനിര്‍മ്മാണം നടത്തുന്നയാളിന്റെ കൈയിലെത്തിയത്. 

മുപ്രക്കുന്നിലും പരിസരത്തുമുള്ള മലകളാണ് ഇവിടെത്തെ ജലസ്രോതസ്. മല ഇടിച്ചുനിരത്തി കെട്ടിടം നിര്‍മ്മിക്കുമ്പോള്‍ അപകടത്തിലാകുന്നത് നിരവധി കുടുംബങ്ങളാണ്. എന്നാല്‍ പഞ്ചായത്ത് ഇക്കാര്യത്തില്‍ നിശബ്ദ പാലിക്കുന്നതായി പരാതിയുണ്ട്.