കാട്ടാക്കട: വളര്‍ത്തുപത്രന്‍റെ ആത്മഹത്യയില്‍ മനംനൊന്ത് വളര്‍ത്തമ്മ കിണറ്റില്‍ ചാടി മരിച്ചു.  കരുതംകോട് തുണിപാട് പടപറതല പുത്തന്‍ വീട്ടില്‍ സുശീലയാണ് മരിച്ചത്. സുശീലയെ രക്ഷിക്കാന്‍ കയറുകെട്ടി കിണറ്റിലേക്ക് എടുത്തു ചാടിയ ഭര്‍ത്താവ് രവീന്ദ്രനെ പരിക്കുകളോടെ രക്ഷപ്പെടുത്തി.  

ഇന്നലെയായിരുന്നു സംഭവം. സഹോദരി ശ്രീദേവിയുടെ മകനും വളര്‍ത്തുമകനുമായ 25കാരന്‍ വിഷ്ണു  വീടിനുള്ളില്‍ തൂങ്ങി മരിച്ചിരുന്നു. മൂന്നരയോടെയാണ് വിഷ്ണുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മരണവിവരം അറിഞ്ഞതിന് പിന്നാലെ സുശീല  നാല്‍പത് അടിയോളം ആഴമുള്ള കിണറ്റിലേക്ക് എടുത്തുചാടി. 

പിന്നാലെ കയറ് തോളില്‍ കെട്ടി ഭര്‍ത്താവ് രവീന്ദ്രന്‍ നായരും ചാടി. നാട്ടുകാര്‍ ചേര്‍ന്നാണ് രവീന്ദ്രനെ പരിക്കുകളോടെ രക്ഷപ്പെടുത്തിയത്. എന്നാല്‍ ഫയര്‍ഫോഴ്സെത്തി സുശീലയെ പുറത്തെടുക്കുമ്പോഴേക്കും മരിച്ചിരുന്നു. സുശീല-രവീന്ദ്രന്‍ ദമ്പതകള്‍ക്ക് മക്കളില്ലാത്തതിനാല്‍ വിഷ്ണുവിനെ ചെറുപ്പം മുതല്‍ ഇവരായിരുന്നു വളര്‍ത്തിയത്. സുകുമാരനാണ് വിഷ്ണുവിന്‍റെ പിതാവ്. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റ് മോര്‍ട്ടം നടത്തി.