ട്രെയിനര്‍മാരുടെ നിര്‍ദ്ദേശപ്രകാരം സല്യൂട്ട് ചെയ്യാനും ഇരിക്കാനും വിശ്രമിക്കാനും ഉള്ള അവയുടെ കഴിവ് കാണികള്‍ ഏറെ ആസ്വദിക്കുന്നു. ട്രെയിനര്‍ പറയുന്ന സംഖ്യയുടെ എണ്ണത്തിനൊപ്പം കുരയ്ക്കുന്ന ചീരു അനവധി ആരാധകരെയാണ് ഉണ്ടാക്കിയത്

തിരുവനന്തപുരം: സല്യൂട്ട് ചെയ്യും, ഒരു എണ്ണം പറഞ്ഞാല്‍ അത്രയും തവണ കുരയ്ക്കും, കത്തുന്ന വളയത്തിലൂടെ ചാടും... അങ്ങനെ ഇവന്മാര്‍ ആള് പുലിയാണല്ലോയെന്ന് ആരും പറഞ്ഞ് പോകുന്ന പ്രകടനം. പറഞ്ഞ് വരുന്നത് കേരള പൊലീസിന്‍റെ ഡോഗ് സ്ക്വാഡിനെ കുറിച്ചാണ്.

കനകക്കുന്നിലെ നിശാഗന്ധിയില്‍ നടക്കുന്ന കനകോത്സവം പ്രദര്‍ശനത്തിലാണ് ഡോഗ് സ്ക്വാഡ് വീണ്ടും അമ്പരിപ്പിച്ചിരിക്കുന്നത്. തിരുവനന്തപുരം സിറ്റി, റൂറല്‍ എന്നിവിടങ്ങളില്‍ നിന്നായി എട്ടു പൊലീസ് നായ്ക്കളാണ് പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നത്.

പൊലീസ് നായ്ക്കളുടെ അനുസരണ ആരെയും അത്ഭുതപ്പെടുത്തുന്നതാണ്. ട്രെയിനര്‍മാരുടെ നിര്‍ദ്ദേശപ്രകാരം സല്യൂട്ട് ചെയ്യാനും ഇരിക്കാനും വിശ്രമിക്കാനും ഉള്ള അവയുടെ കഴിവ് കാണികള്‍ ഏറെ ആസ്വദിക്കുന്നു. ട്രെയിനര്‍ പറയുന്ന സംഖ്യയുടെ എണ്ണത്തിനൊപ്പം കുരയ്ക്കുന്ന ചീരു അനവധി ആരാധകരെയാണ് ഉണ്ടാക്കിയത്.

ശരീരത്തില്‍ സ്ഫോടക വസ്തുക്കളും മയക്കുമരുന്നും ഒളിപ്പിച്ചു വയ്ക്കുന്നവരെ നായ്ക്കള്‍ പിടികൂടുന്നത് എങ്ങനെയാണെന്ന് കണ്ടുമനസ്സിലാക്കാന്‍ പ്രദർശനത്തില്‍ അവസരമുണ്ട്. ബാഗിലും മറ്റും ഒളിപ്പിക്കുന്ന സ്ഫോടക വസ്തുക്കളും മയക്കുമരുന്നും ഞൊടിയിടയില്‍ കണ്ടെത്തുന്നതിനുള്ള പരിശീലനമാണ് ഇവയ്ക്ക് ലഭിച്ചിരിക്കുന്നത്.

കത്തുന്ന വളയത്തിനുള്ളിലൂടെ ചാടിയും ട്രെയിനര്‍മാരുടെ കാലിനിടയിലൂടെ ക്രോസ് വാക്കിംഗ് നടത്തിയും നായ്ക്കള്‍ അവയുടെ കഴിവുകള്‍ പ്രകടിപ്പിക്കുന്നു. മൊബൈല്‍ ഫോണ്‍, ബാഗ് മുതലായവ തട്ടിപ്പറിച്ച് കടന്നുകളയുന്ന അക്രമിയെ പിന്തുടര്‍ന്ന് പിടികൂടി മോഷണവസ്തുക്കള്‍ വീണ്ടെടുക്കുന്ന പ്രകടനവും ആശ്ചര്യപ്പെടുത്തുന്നതാണ്.

മോഷണം, കൊലപാതകം മുതലായവ നടന്ന സ്ഥലങ്ങളില്‍ ഗന്ധം പിടിച്ച് കുറ്റവാളിയെ തിരഞ്ഞു കണ്ടെത്തുന്നതിനുള്ള പൊലീസ് നായ്ക്കളുടെ കഴിവും ഈ ഷോയില്‍ പരിചയപ്പെടാന്‍ കഴിയും. തിരുവനന്തപുരം സിറ്റിയുടെ കീഴിലുള്ള മാര്‍ക്കോ, ചീരു, കല്യാണി, കിട്ടു, ടിപ്പു, കോലി, തിരുവനന്തപുരം റൂറലിന്‍റെ കീഴിലുള്ള അന്ന, ജൂലി എന്നീ പൊലീസ് നായ്ക്കളാണ് കേരള പൊലീസിന്‍റെ കെ 9 ഡോഗ് സ്ക്വാഡിലെ ട്രെയിനര്‍മാരുടെ നേതൃത്വത്തില്‍ നിശാഗന്ധിയില്‍ പ്രദര്‍ശനം നടത്തുന്നത്.

ഹരിയാനയിലെ ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് പരിശീലനകേന്ദ്രത്തില്‍നിന്ന് ഒന്നാം റാങ്ക് നേടിയാണ് ചീരു പരിശീലനം പൂര്‍ത്തിയാക്കിയത്. മധ്യപ്രദേശിലെ ബിഎസ്എഫ് പരിശീലന കേന്ദ്രത്തിലെ പൂര്‍വ്വ വിദ്യാര്‍ഥികളാണ് ടിപ്പുവും കോലിയും.

തൃശൂരിലെ കേരളാ പൊലീസ് അക്കാദമിയിലെ പരിശീലനത്തില്‍ ഒന്നാം സ്ഥാനക്കാരിയാണ് കല്യാണി. സംസ്ഥാന ഡ്യൂട്ടി മീറ്റുകളിലും ദേശീയ പൊലീസ് ഡ്യൂട്ടി മീറ്റുകളിലും മിക്ക ശ്വാനന്‍മാരും പങ്കെടുക്കുകയും സമ്മാനങ്ങള്‍ വാരിക്കൂട്ടുകയും ചെയ്തിട്ടുണ്ട്. ദിവസേന വൈകിട്ട് 6.30 ന് നടക്കുന്ന പ്രദര്‍ശനം തിങ്കളാഴ്ച സമാപിക്കും. പൊലീസ് ആസ്ഥാനത്തെ പൊലീസ് ഇന്‍ഫര്‍മേഷന്‍ സെന്‍ററിനാണ് ഏകോപനച്ചുമതല.