മുന്നില്‍ കണ്ടവരെയെല്ലാം ആക്രമിക്കുന്ന  നായയെ പെട്ടന്ന് കാണാതാകും. സമീപ പ്രദേശത്ത് വീണ്ടും പ്രത്യക്ഷപ്പെട്ട് അവിടെ കണ്ടവരെയും കടിച്ചു. ഇതോടെ നാട്ടുകാർ വീടിന് പുറത്തിറങ്ങാൻ ഭയക്കുന്ന സാഹചര്യമുണ്ടായി.

കോഴിക്കോട്: തെരുവ് നായയുടെ കടിയേറ്റ് കുട്ടികള്‍ ഉള്‍പ്പെടെ ഒന്‍പതുപേര്‍ക്ക് പരുക്ക്. താമരശേരിയിലും പരിസരങ്ങളിലുമാണ് തെരുവുനായയുടെ പരാക്രമമുണ്ടായത്. തച്ചംപൊയില്‍, അവേലം, വാപ്പനാംപൊയില്‍, ചാലക്കര കെടവൂര്‍ പ്രദേശങ്ങളിലാണ് തെരുവ് നായ ഭീതി പരത്തി. മുന്നില്‍ കണ്ടവരെയെല്ലാം ആക്രമിക്കുന്ന നായയെ പെട്ടന്ന് കാണാതാകും. സമീപ പ്രദേശത്ത് വീണ്ടും പ്രത്യക്ഷപ്പെട്ട് അവിടെ കണ്ടവരെയും കടിച്ചു. ഇതോടെ നാട്ടുകാർ വീടിന് പുറത്തിറങ്ങാൻ ഭയക്കുന്ന സാഹചര്യമുണ്ടായി.

പൂനൂര്‍ അവേലം പള്ളിത്താഴത്ത് ഹബീബ്(26), കെടവൂര്‍ പൂതര്‍പൊയില്‍ സുഭാഷിന്റെ ഭാര്യ സുജല, മകള്‍ ദേവനന്ദന(10), നടുക്കണ്ടിയില്‍ രാധാകൃഷ്ണന്‍(62), തച്ചംപൊയില്‍ ചാലക്കര സ്വദേശികളായ സുബൈദ(40), അഫ്‌നാന്‍(12), വിശാഖ്(3), കോരങ്ങാട് വാപ്പനാംപൊയില്‍ സ്വദേശികളായ കാര്‍ത്തി(51), ഷിനു എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രാഥമികി ചികിത്സ നല്‍കിയ ശേഷം വിദഗ്ധ ചികിത്സക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

റോഡിലൂടെ നടന്നു പോവുന്നവരെയും വീട്ടുമുറ്റത്ത് നില്‍ക്കുന്നവരെയുമാണ് നായ അക്രമിച്ചത്. മാതാവ് സുജലക്കൊപ്പം നടന്നു പോകുമ്പോഴാണ് ദേവനന്ദനയെ നായ കടിച്ചത്. മകളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ സുജലക്കും പരുക്കേല്‍ക്കുകയായിരുന്നു. രാധാകൃഷ്ണന്റെ വീട്ടിലെ പശുക്കുട്ടിയെയും വിവിധ പ്രദേശങ്ങളിലെ പൂച്ചകളെയും തെരുവ് നായ കടിച്ച് പരുക്കേല്‍പ്പിച്ചു. കോരങ്ങാട് വാപ്പനാംപൊയിലില്‍ തിരച്ചിലിനൊടുവില്‍ കണ്ടെത്തിയ തെരുവ് നായയെ അവസാനം നാട്ടുകാര്‍ അടിച്ചു കൊല്ലുകയായിരുന്നു.