Asianet News MalayalamAsianet News Malayalam

ഇവിടെ മനുഷ്യന് ജീവിക്കണ്ടേ..! 10 വയസുകാരനെയടക്കം കടിച്ച് പറിച്ച് ഒരു തെരുവ് നായ, വീട്ടിൽ പോലും സമാധാനമില്ല

നാലാം ക്ലാസ് വിദ്യാര്‍ത്ഥിയായ പത്തു വയസുകാരന്‍ ഗ്ലാഡ്‌വിന് സ്‌കൂളില്‍ പോകാനായി ബസ് കാത്തു നില്‍ക്കുന്നതിനിടെ രാവിലെ ഒന്‍പതോടെയാണ് കടിയേറ്റത്. നായ കുട്ടിയുടെ കൈയ്യില്‍ കടിച്ച് തൂങ്ങുകയായിരുന്നു

stray dog attacked 10 year old boy other six shocking news kozhikode btb
Author
First Published Feb 28, 2024, 12:55 AM IST

കോഴിക്കോട്: കുട്ടിയെയും സ്ത്രീയെയുമടക്കം ഏഴ് പേരെ കടിച്ചുപറിച്ച് തെരുവ് നായ. പുലര്‍ച്ചെ പള്ളിയിലേക്ക് പോയ അന്‍പത് പിന്നിട്ട ജോസിനെയാണ് തെരുവ് നായ ആദ്യം ആക്രമിച്ചത്. കൂടരഞ്ഞി പോസ്‌റ്റ് ഓഫീസിന് ജംഗ്ഷന് സമീപം വച്ചായിരുന്നു ഇത്. ബേക്കറി ജീവനക്കാരനായ ജോസ് ഒച്ചവെച്ചപ്പോള്‍ ഇവിടെ നിന്നും ഓടിയ നായ പിന്നീട് സ്ത്രീയെയും കുട്ടിയെയും അടക്കം ആറ് പേരെ കൂടി കടിച്ചുപറിക്കുകയായിരുന്നു. കൂടരഞ്ഞി ടൗണിലും പരിസര പ്രദേശങ്ങളിലുമായി രാവിലെ പത്ത് മണിക്കുള്ളില്‍ ഏഴ് പേരെയാണ് തെരുവ് നായ ആക്രമിച്ചത്.

ജോസിനെ കടിച്ച ശേഷം ടൗണിന് സമീപത്തായുള്ള കാരിക്കാട്ടില്‍ വീട്ടില്‍ എത്തിയ നായ ഇവിടെ പാചകം ചെയ്തുകൊണ്ടിരിക്കുകയായിരുന്ന സ്ത്രീയെ ആക്രമിച്ചു. നാലാം ക്ലാസ് വിദ്യാര്‍ത്ഥിയായ പത്തു വയസുകാരന്‍ ഗ്ലാഡ്‌വിന് സ്‌കൂളില്‍ പോകാനായി ബസ് കാത്തു നില്‍ക്കുന്നതിനിടെ രാവിലെ ഒന്‍പതോടെയാണ് കടിയേറ്റത്. നായ കുട്ടിയുടെ കൈയ്യില്‍ കടിച്ച് തൂങ്ങുകയായിരുന്നു. ബസ് സ്‌റ്റോപ്പിന് സമീപം തന്നെ ക്ലിനിക്ക് നടത്തുന്ന കുട്ടിയുടെ പിതാവ് ശബ്ദം കേട്ട് നോക്കിയപ്പോള്‍ നായ കുട്ടിയുടെ കൈയ്യില്‍ കടിച്ചു തൂങ്ങുന്ന കാഴ്ചയാണ് കണ്ടത്. ഓടിയെത്തുമ്പോഴേക്കും നായ ഇവിടെ നിന്നും കടന്നുകളഞ്ഞിരുന്നു. ഗ്ലാഡ്‌വിന് കൈയ്യില്‍ ആഴത്തിലുള്ള മുറിവേറ്റിട്ടുണ്ട്. ഇവിടെ നിന്നും രക്ഷപ്പെട്ട് ഓടുന്നതിനിടയിലാണ് നാല് പേര്‍ക്ക് കൂടി കടിയേറ്റത്.

ഇതേ നായ തന്നെ കഴിഞ്ഞ ദിവസം രാത്രിയില്‍ പ്രദേശത്തെ വീടുകളിലെ വളര്‍ത്തുമൃഗങ്ങളെ കടിച്ചതായി നാട്ടുകാര്‍ പറഞ്ഞു. എന്നാല്‍ നായയെ ഇനിയും കണ്ടെത്താനായിട്ടില്ല. കൂടരഞ്ഞി പഞ്ചായത്തിലെ 11,12,14 വാര്‍ഡുകളില്‍ ഉള്ളവര്‍ക്കാണ് കടിയേറ്റിരിക്കുന്നത്. ഈ പ്രദേശങ്ങളില്‍ തെരുവ്‌നായ ശല്യം രൂക്ഷമാണെന്ന് നേരത്തേ പരാതി ഉയര്‍ന്നിരുന്നു. പരിക്കേറ്റവര്‍ ആദ്യം കൂടരഞ്ഞി ഹെല്‍ത്ത് സെന്ററിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ചികിത്സ തേടി. ഏതാനും ചിലര്‍ സ്വകാശ്യ ആശുപത്രിയിലും ചികിത്സ തേടിയിട്ടുണ്ട്. മിക്കവര്‍ക്കും ആഴത്തിലുള്ള കടിയേറ്റതിനാല്‍ പ്രതിരോധ വാക്‌സിന് പുറമേ ഇമ്മ്യൂണോ ഗ്ലോബുലിനും നല്‍കിയിട്ടുണ്ട്. തെരുവ് നായയെ ഇനിയും പിടികൂടാന്‍ കഴിയാത്തതിനാല്‍ ജനങ്ങള്‍ പരിഭ്രാന്തിയിലാണ്. പേ വിഷബാധയുള്ള നായയാണോ എന്നറിയാന്‍ കഴിയാത്തതും ജനങ്ങളുടെ ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്.

വനത്തിലെ പരിശോധനക്കിടെ അതാ ഒരു മതില്! അതും സർവേ കല്ലിന് മുകളിൽ, പിന്നെ നടന്ന കാര്യം പറയേണ്ടതില്ലല്ലോ...

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Follow Us:
Download App:
  • android
  • ios