Asianet News MalayalamAsianet News Malayalam

മൂന്നാറിലെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍: നിര്‍ദേശങ്ങളെ കാറ്റില്‍പ്പറത്തി ജനക്കൂട്ടം തെരുവില്‍

 ഇന്ന് ഉച്ചക്ക് രണ്ട് മണിയോടെ കച്ചവടസ്ഥാപനങ്ങൾക്ക് പൂർണ്ണമായി പൂട്ടുവീഴുമെന്നത് മുന്നില്‍ കണ്ടാണ് ആവശ്യസാധനങ്ങൾ വാങ്ങുന്നതിന് തൊഴിലാളികൾ ടൗണിൽ തടിച്ചുകൂടിയത്.

streets crowded after munnar sub collector declares complete lock down
Author
Munnar, First Published Apr 9, 2020, 11:48 AM IST

ഇടുക്കി: ദേവികുളം സബ് കളക്ടർ മൂന്നാറിൽ സമ്പൂർണ്ണ അടച്ചിടൽ പ്രഖ്യാപിച്ചതിനു പിന്നാലെ ടൗണ്‍ പ്രദേശവാസികളെകൊണ്ട് നിറഞ്ഞു.  ഇന്ന് ഉച്ചക്ക് രണ്ട് മണിയോടെ കച്ചവടസ്ഥാപനങ്ങൾക്ക് പൂർണ്ണമായി പൂട്ടുവീഴുമെന്നത് മുന്നില്‍ കണ്ടാണ് ആവശ്യസാധനങ്ങൾ വാങ്ങുന്നതിന് തൊഴിലാളികൾ ടൗണിൽ തടിച്ചുകൂടിയത്. രാവിലെ 10ന് വ്യാപാരസ്ഥാപനങ്ങൾ തുറക്കുന്നതെങ്കിലും ഒമ്പതിന് തന്നെ ടൗണിൽ ജനങ്ങൾ തടിച്ചു കൂടി.

മൂന്നാർ  പച്ചക്കറി മാർക്കറ്റിന് മുൻവശത്തെ ക്യൂ ടാക്സി സ്റ്റാന്റുവരെ നീണ്ടു. മാട്ടുപ്പെട്ടി കവലയിലെ സൂപ്പർമാർക്കറ്റുകളിലും മറിച്ചല്ലായിരുന്നു സ്ഥിതി. ജനകൂട്ടം നിയന്ത്രണതീതമായി വർദ്ധിച്ചത് പൊലീസിന് തലവേദന സൃഷ്ടിച്ചു. സർക്കാർ നിർദ്ദേശിച്ച നിശ്ചിത അകലം പാലിക്കുന്നതിന് പലരും തയാറായില്ല.

അതേസമയം,  നിരോധനാജ്ഞ ലംഘിച്ച് ആളുകള്‍ നിരത്തില്‍ ഇറങ്ങുന്നത് പതിവായതോടെയാണ് മൂന്നാറില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. ഇന്ന്  ഉച്ചയ്ക്ക് രണ്ട് മണിക്ക് മുമ്പ് അവശ്യസാധനങ്ങള്‍ വാങ്ങണമെന്നായിരുന്നു നിര്‍ദേശം. പെട്രോള്‍ പമ്പ്, മെഡിക്കല്‍ സ്റ്റോര്‍ എന്നിവ മാത്രമായിരിക്കും ഇനി തുറന്ന് പ്രവര്‍ത്തിക്കുക. കുട്ടികള്‍ പുറത്തിറങ്ങിയാല്‍ മാതാപിതാക്കള്‍ക്കെതിരെ കേസ് എടുക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

എന്നാല്‍, തമിഴ്നാട്ടിൽ നിന്ന് ആറ് പേർ അതിർത്തി വഴി മൂന്നാറിലെത്തിയെന്നും ഇതിൽ മൂന്ന് പേരെ കണ്ടെത്താനുള്ളതുകൊണ്ടാണ് ജില്ലാ ഭരണകൂടം സമ്പൂർണ്ണ അടച്ചിടൽ പ്രഖ്യാപിച്ചതെന്ന വ്യാജ സന്ദേശങ്ങൾ വാട്സപ്പിൽ പ്രചരിച്ചതും ജനം ടൗണിൽ തടിച്ചുകൂടാൻ ഇടയാക്കി. സംഭവം നിയന്ത്ര വിധേയമാക്കാൻ ദേവികുളം സബ് കളക്ടർ പ്രേം കൃഷ്ണയുടെ നേത്യത്വത്തിൽ വൻ പൊലീസ് സംഘം മൂന്നാറിലെത്തിയിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios