മാവേലിക്കര ചുനക്കര എച്ച്എസ്എസിലെ വിദ്യാർത്ഥിയാണ് മരിച്ചത്. ഭക്ഷണശേഷം കൈകഴുകാനിറങ്ങിയപ്പോഴാണ് കൈവിട്ട് പോയ ക്രിക്കറ്റ് ബാറ്റ് കുട്ടിയുടെ തലയിൽ ഇടിച്ചത്.

മാവേലിക്കര: ചുനക്കരയിൽ സ്കൂളിൽ വച്ച് ക്രിക്കറ്റ് ബാറ്റ് തലയിൽ ഇടിച്ച് കുട്ടി മരിച്ചു. കൈവിട്ട് പോയ ക്രിക്കറ്റ് ബാറ്റ് തലയിൽ ഇടിച്ചാണ് കുട്ടി മരിച്ചത്. മാവേലിക്കര ചുനക്കര ഗവ. ഹയർസെക്കന്ററി സ്കൂൾ വിദ്യാർത്ഥി നവനീതാണ് മരിച്ചത്. 

ഉച്ചഭക്ഷണം കഴിച്ച ശേഷം കൈ കഴുകാൻ ഇറങ്ങിയതായിരുന്നു നവനീത്. ഇതിനിടെ, കുട്ടികൾ കളിക്കുന്നതിനിടെ കൈവിട്ട് തെറിച്ച തടികൊണ്ടുള്ള ക്രിക്കറ്റ് ബാറ്റ് കുട്ടിയുടെ തലയിൽ തട്ടുകയായിരുന്നു. ഇതേത്തുടർന്ന് നവനീത് കുഴഞ്ഞു വീണു. അൽപസമയം കഴിഞ്ഞ് മരിക്കുകയായിരുന്നു.

ഉച്ചയ്ക്കായിരുന്നു ദാരുണമായ സംഭവം. ഉച്ച ഭക്ഷണത്തിന് ശേഷം സ്കൂൾ കെട്ടിടത്തിന് മുന്നിൽ കുട്ടികൾ കളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഒടിഞ്ഞ ഡെസ്കിന്‍റെ ഭാഗവും പേപ്പർ ചുരുട്ടിക്കെട്ടിയുണ്ടാക്കിയ ബോളും ഉപയോഗിച്ച് കുട്ടികൾ കളിക്കുകയായിരുന്നു. ഇവരുടെ ഇടയിലേക്ക് ഓടിക്കയറി വന്ന നവനീതിന്‍റെ തലയിൽ പട്ടികക്കഷ്ണം അബദ്ധത്തിൽ കൊണ്ടു. ഇത്തിരി ദൂരം കൂടി മുന്നോട്ട് പോയ നവനീത് മുഖമിടിച്ച് താഴെ വീണു. നവനീത് ബോധരഹിതനായി കിടക്കുന്ന വിവരം വിദ്യാർത്ഥികൾ തന്നെയാണ് അധ്യാപകരെ അറിയിച്ചത്. തുടർന്ന് അധ്യാപകും സ്കൂളിൽ ഉണ്ടായിരുന്ന പിടിഎ അംഗങ്ങളും ചേർന്ന് നവനീതിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

നവനീതിന്‍റെ ശരീരത്തിൽ മുറിവുകളോ മറ്റ് ക്ഷതങ്ങളോ പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിട്ടില്ലെന്ന് മൃതദേഹം പരിശോധിച്ച ഡോക്ടർമാർ അറിയിച്ചു. മരണകാരണം വ്യക്തമാകാൻ പോസ്റ്റ്‍മോർട്ടം വേണ്ടി വരും. ഇതിനായി നവനീതിന്‍റെ മൃതദേഹം വണ്ടാനം മെഡിക്കൽ കോളേജിലേക്ക് മാറ്റി.