മാവേലിക്കര: കൂട്ടുകാരോടൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ പത്താം ക്ലാസ് വിദ്യാർഥി മുങ്ങി മരിച്ചു. കായംകുളം പത്തിയൂർക്കാല പുത്തൂർ ലക്ഷം വീട് കെ കൃഷ്ണകുമാറിന്റെയും എസ് സുജമോളുടെയും മകനായ സാഹിൽ കൃഷ്ണ (16) ആണ് മരിച്ചത്. മറ്റം സെന്റ് ജോൺസ് എച്ച്എസ്എസിലെ പത്താം ക്ലാസ് വിദ്യാർഥിയാണ് സാഹിൽ കൃഷ്ണ.

ഇന്ന് വൈകിട്ട് നാലിന് പടിഞ്ഞാറെനട തെരുവിൽകുളത്തിലാണ് സംഭവം. സ്കൂളിൽ നടന്ന പരീക്ഷ മാർഗനിർദേശ ക്ലാസ്, ഫെയർവെൽ ചടങ്ങ് എന്നിവയ്ക്ക് ശേഷമാണ് സാഹിൽ ഉൾപ്പെടെ 11 കൂട്ടുകാർ കുളത്തിന് സമീപം എത്തിയത്. കുട്ടികളിൽ ചിലർ കുളത്തിൽ ഇറങ്ങി നീന്തുന്നതിനിടെ കൽപടവിൽ നിന്ന സാഹിൽ കാൽവഴുതി കുളത്തിലേക്ക് വീഴുകയായിരുന്നു. കൂട്ടുകാർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല.

കുളത്തിന്റെ മറ്റൊരു ഭാഗത്തു കുളിച്ചുകൊണ്ടിരുന്ന യുവാക്കൾ സമീപത്തുള്ള അഗ്നിരക്ഷാസേന ഓഫീസിലെത്തി വിവരമറിയിച്ചു. ഓടിയെത്തിയ അഗ്നിരക്ഷാസേന പ്രവർത്തകർ 30 സെക്കന്റ് കൊണ്ടു സാഹിലിനെ മുങ്ങിയെടുത്തു. തുടർന്ന് ജില്ലാ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.