തൃശ്ശൂർ: നാട്ടിലെ ക്ലബ്ബിന്റെ പ്രവര്‍ത്തനത്തിന് ഫണ്ട് കണ്ടെത്താൻ വാഴക്കൃഷി ചെയ്ത് തൃശ്ശൂരിലെ ഒരുകൂട്ടം വിദ്യാർഥികൾ. അരിമ്പൂർ ഹൈസ്കൂളിലെ വിദ്യാർഥികളാണ് വാഴക്കൃഷി നടത്തി ഫണ്ട് ശേഖരിക്കുന്നത്.

ക്ലബ്ബിന്റെ പ്രവർത്തനത്തിന് പണം കണ്ടെത്താൻ വഴി എന്താണെന്ന് തല പുകയ്ക്കുമ്പോഴാണ് കൃഷി ചെയ്യാൻ ചേട്ടന്മാർ ഉപദേശിച്ചത്. പിന്നെ ഒട്ടും വൈകാതെ വാഴക്കൃഷിയിലേക്ക് ഇറങ്ങുകയായിരുന്നുവെന്ന് വിദ്യാർഥിയായ അഖിൽ പറഞ്ഞു. പ്രദേശവാസിയായ അജേഷ് കൃഷിക്കാവശ്യമായ സ്ഥലം വിട്ടു നൽകി. വടക്കാഞ്ചേരിയിൽ നിന്നും ചെങ്ങാലിക്കോടൻ വാഴക്കന്നു വാങ്ങി നട്ടു. ഒഴിവ് സമയങ്ങളിൽ വെള്ളമൊഴിച്ച് പരിപാലിക്കുകയും ചെയ്യുമെന്ന് അഖിൽ കൂട്ടിച്ചേർത്തു.

പ്രളയത്തിൽ അമ്പതോളം വാഴകൾ നശിച്ചെങ്കിലും ബാക്കിയുള്ളവ നല്ല വിളവ് നൽകി. മൂപ്പെത്തിയ വാഴക്കുലകൾ മുറിച്ചെടുത്ത് പാതയോരത്ത് എത്തിച്ചും ഈ കൊച്ചു മിടുക്കമാർ വിൽക്കാറുണ്ട്. നാട്ടുകാരിൽ നിന്നും മികച്ച പിന്തുണ കിട്ടിയതോടെ കുട്ടികൾ കൃഷിയിൽ മുഴുകിയിരിക്കുകയാണ്. വിൽപ്പനക്കായി എത്തിക്കുന്ന ഭൂരിഭാഗം വാഴക്കുലകളും വിറ്റു തീരുന്ന സന്തോഷത്തിലാണ് ഈ മിടുക്കൻമാർ.