ജന്മനാ വളർച്ചയില്ലാതിരുന്ന സുഭാഷ് രാജിന് സംസാര ശേഷിയും കേൾവിശക്തിയുമില്ല. ഹൃദയത്തിനും തകരാറ് സംഭവിച്ച ഈ യുവാവ് തന്റെ വൈകല്യങ്ങളെല്ലാം മറന്നാണ് നൂറുകണക്കിന് കലാ രൂപങ്ങൾ നിർമിച്ചത്.
ആലപ്പുഴ: സുഭാഷ് രാജിന് കേള്‍വിയുടെയും സംസാരത്തിന്റേയും ലോകം അന്യമാണ്. എങ്കിലും കരവിരുതിൽ ഇന്ദ്രജാലം തീർക്കുകയാണ് ഈ യുവാവ്. പുറക്കാട് പഞ്ചായത്ത് ഒമ്പതാം വാർഡ് തോട്ടപ്പള്ളി പൂത്തോപ്പ് പുത്തൻ പറമ്പിൽ കമലയുടെ മകൻ സുഭാഷ് രാജാണ് പാഴ് വസ്തുക്കളിൽ വിസ്മയമൂറുന്ന രൂപങ്ങൾ തീർക്കുന്നത്.
ജന്മനാ വളർച്ചയില്ലാതിരുന്ന സുഭാഷ് രാജിന് സംസാര ശേഷിയും കേൾവിശക്തിയുമില്ല. ഹൃദയത്തിനും തകരാറ് സംഭവിച്ച ഈ യുവാവ് തന്റെ വൈകല്യങ്ങളെല്ലാം മറന്നാണ് നൂറുകണക്കിന് കലാ രൂപങ്ങൾ നിർമിച്ചത്. ചിരട്ട, തൊണ്ട്, തെർമോക്കോൾ, ഈറൽ, പ്ലാസ്റ്റർ ഓഫ് പാരീസ്, സിമന്റ്, പ്ലാസ്റ്റിക് തുടങ്ങിയവയിലാണ് സുഭാഷ് രാജ് തന്റെ കലാ വൈഭവം പ്രകടമാക്കുന്നത്.
കുട്ടിക്കാലം മുതൽ ചിത്രരചനയിൽ കമ്പമുണ്ടായിരുന്ന സുഭാഷ് ഇതിനകം നിരവധി ചിത്രങ്ങളും വരച്ചിട്ടുണ്ട്. ഗാന്ധിജി, പരുന്ത് ,കഥകളി, മയിൽ, തേൾ, പൂക്കൾ തുടങ്ങി ഒട്ടനവധി കലാരൂപങ്ങളാണ് ഈ കൈകളിൽ വിരിഞ്ഞത്.അക്ഷരാഭ്യാസം പോലുമില്ലാത്ത സുഭാഷ് യാതൊരു ശാസ്ത്രീയ അടിത്തറയുമില്ലാതെയാണ് ഈ രംഗത്തേക്ക് തിരിഞ്ഞത്. തന്റെ കഴിവ് വികസിപ്പിക്കാൻ ആർട്സ് സ്കൂളിൽ ചേർന്ന് പഠിക്കണമെന്ന ആഗ്രഹവും ഈ യുവാവിനുണ്ട്.
കുട്ടിക്കാലത്ത് കളിക്കുന്നതിനിടെ വലതു കാലൊടിഞ്ഞ് ആലപ്പുഴ ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോൾ ഇടത് കാലിൽ പ്ലാസ്റ്ററിട്ട സംഭവം ഏറെ വാർത്താപ്രാധാന്യം നേടിയിരുന്നു. ചിലപ്പോൾ ചിരട്ടയിൽ ഒരു രൂപം നിർമിക്കാൻ ദിവസങ്ങളെടുക്കും. മാതാവ് കമല തൊഴിലുറപ്പ് ജോലിക്ക് പോയി ലഭിക്കുന്ന വരുമാനമാണ് ഈ കുടുംബത്തിന്റെ ഏക ആശ്രയം. താൻ നിർമിക്കുന്ന കൗതുക വസ്തുക്കൾ നല്ല രീതിയിൽ സൂക്ഷിക്കാൻ പോലും ഈ വീട്ടിലിടമില്ല എന്നതും ഈ കലാകാരന്റെ ദു:ഖമാണ്.
