പുതുക്കാട് സെന്ററിലെ തട്ടുകടകളില്‍ ആരോഗ്യ വകുപ്പ് മിന്നല്‍ പരിശോധന നടത്തി. വൃത്തിഹീനമായ സാഹചര്യത്തില്‍ ഭക്ഷണം പാകം ചെയ്തതും പഴകിയ ഭക്ഷണം കണ്ടെത്തിയതുമായ രണ്ട് കടകള്‍ അടച്ചു.

തൃശൂര്‍: പുതുക്കാട് സെന്ററിലെ തട്ടുകടകളില്‍ ആരോഗ്യ വകുപ്പിന്റെ മിന്നല്‍ പരിശോധന. വൃത്തിഹീനമായ സാഹചര്യത്തില്‍ ഭക്ഷണം പാകം ചെയ്തതും പഴകിയ ഭക്ഷണം കണ്ടെത്തിയതുമായ രണ്ട് കടകള്‍ അടയ്ക്കാന്‍ നിര്‍ദേശം നല്‍കി. രണ്ട് ദിവസത്തിനുള്ളില്‍ മറ്റുള്ള തട്ടുകടകള്‍ വൃത്തിയാക്കിയശേഷം ആരോഗ്യ വകുപ്പിനെ അറിയിക്കാനും ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചു.

രാത്രികാലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ദേശീയപാതയോരത്തെ തട്ടുകടകളിലാണ് പഞ്ചായത്തിന്റെ നിര്‍ദേശ പ്രകാരം ആരോഗ്യ വകുപ്പ് പരിശോധന നടത്തിയത്. എല്ലാ തട്ടുകടകളിലും ഭക്ഷണം തുറന്നുവച്ച നിലയിലായിരുന്നു. ഹെല്‍ത്ത് കാര്‍ഡില്ലാത്ത തൊഴിലാളികളാണ് ഭൂരിഭാഗം കടയിലുമുള്ളത്. അടുത്ത ദിവസം തന്നെ ഇവര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് എടുക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. ലേബലില്ലാത്ത വറവ് പലഹാര പാക്കറ്റുകളും ഉദ്യോഗസ്ഥര്‍ കണ്ടെത്തി.

പുറത്തുനിന്ന് തട്ടുകടകളിലേക്ക് ഭക്ഷണം എത്തിക്കുന്നവരുടെ രേഖകള്‍ സൂക്ഷിക്കുന്നതിനും നിര്‍ദേശം നല്‍കി. ഇത്തരത്തില്‍ കൊണ്ടുവരുന്ന ഭക്ഷണങ്ങളാണ് കൂടുതലായി നല്‍കുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പുതുക്കാട് സെന്ററിലെ കടകളില്‍ നിന്ന് വാങ്ങിയ ഭക്ഷണത്തില്‍ നിന്ന് കഴിഞ്ഞ ദിവസങ്ങളില്‍ പുഴുവിനെയും തേരട്ടയെയും കണ്ടെത്തിയതിന് പിന്നാലെയാണ് ആരോഗ്യ വകുപ്പിന്റെ പരിശോധന. വഴിയാത്രക്കാരാണ് കൂടുതലായി പരാതിയുമായെത്തുന്നത്.

ദേശീയപാതയോരത്തെ കടകളില്‍നിന്ന് ഭക്ഷണം കഴിച്ച് മടങ്ങുന്ന ദൂരസ്ഥലങ്ങളിലുള്ളവര്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ടതായും പരാതി ഉയര്‍ന്നിരുന്നു. രണ്ടാഴ്ചയിലൊരിക്കല്‍ രാത്രി പരിശോധന കര്‍ശനമാക്കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. പുതുക്കാട് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ആര്‍ രാജേഷ്, പഞ്ചായത്ത് തല ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ ജി ഗീതുപ്രിയ, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ അബ്ദുള്‍ റസാഖ്, നിമ്മി എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.