സംസ്ഥാനത്തു തന്നെ കൂടുതൽ ആത്മഹത്യകൾ റിപ്പോർട്ടു ചെയ്തതോടെ 15 വർഷം മുമ്പാണ് നൂറനാട് പൊലിസ് സ്റ്റേഷനോട് ചേർന്ന് കൗൺസിലിംഗ് സെന്റർ തുടങ്ങിയത്. പഴയ പൊലീസ് സ്റ്റേഷൻ കെട്ടിടമായിരുന്നു കൗൺസിലിംഗ് സെന്റർ

ചാരുംമൂട്: നൂറനാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ അത്മഹത്യാ നിരക്കുയരുന്നു. മൂന്നു വിദ്യാർഥിനികളടക്കം നാലുപേരാണ് ഇവിടെ ഒരാഴ്ചയ്ക്കുള്ളിൽ ജീവനൊടുക്കിയത്. പൊലീസ് സ്റ്റേഷനിലെ കൗൺസിലിംഗ് സെന്‍ററിന്‍റെ പ്രവർത്തനം പുനരാരംഭിക്കണമെന്ന ആവശ്യം ഇതോടെ ശക്തമായിട്ടുണ്ട്.

സംസ്ഥാനത്തു തന്നെ കൂടുതൽ ആത്മഹത്യകൾ റിപ്പോർട്ടു ചെയ്തതോടെ 15 വർഷം മുമ്പാണ് നൂറനാട് പൊലിസ് സ്റ്റേഷനോട് ചേർന്ന് കൗൺസിലിംഗ് സെന്റർ തുടങ്ങിയത്. പഴയ പൊലീസ് സ്റ്റേഷൻ കെട്ടിടമായിരുന്നു കൗൺസിലിംഗ് സെന്റർ. ഡിപ്പാർട്ടുമെന്റിനു പുറമെ നിന്നുള്ള കൗൺസിലറായിരുന്നു ഇവിടെയെത്തിയിരുന്നത്. ഒരു പരിധി വരെ ആത്മഹത്യാ നിരക്ക് കുറയ്ക്കുവാൻ കൗൺസിലിംഗിലൂടെ കഴിഞ്ഞിരുന്നു.

കുടുംബ വഴക്കുകളും, അമിത മദ്യപാനവും, കടബാധ്യതകളും, പരീക്ഷാ തോൽവികളുമൊക്കെയാണ് ആത്മഹത്യയ്ക്ക് പ്രധാന കാരണമായിരുന്നത്. കുടുംബവഴക്കുകൾ ഉൾപ്പെടെ ഇത്തരം പരാതികളധികവും കൗൺസിലിംഗ് സെന്ററിന് കൈമാറുകയായിരുന്നു ചെയ്തിരുന്നത്‌. കുടുംബ പ്രശ്നങ്ങൾ അധികവും പരിഹരിക്കാനും ഇതിലൂടെ കഴിഞ്ഞിരുന്നു.

എന്നാല്‍ അഞ്ചു വർഷത്തോളമായി കൗൺസിലിംഗ് സെന്‍ററിന്‍റെ പ്രവർത്തനം മുടങ്ങിയിരിക്കുകയാണ്. കൗൺസിലിംഗ് സെന്ററായി പ്രവർത്തിച്ചിരുന്ന പഴയ സ്റ്റേഷൻ കെട്ടിടം മരം വീണ് ഏതാണ്ട് തകർന്ന അവസ്ഥയിലുമാണ്. കഴിഞ്ഞ രണ്ടു മാസത്തിനുള്ളിൽ എട്ട് പേരാണ് ഇവിടെ ആത്മഹത്യ ചെയ്തത്. ഇതിൽ മൂന്ന് വിദ്യാർഥിനിയും ഒരു യുവാവും ജീവനൊടുക്കിയത് ഒരാഴ്ചയ്ക്കുള്ളിലാണ്. അസ്വാഭാവിക മരണ നിരക്കും സ്റ്റേഷൻ പരിധിയിൽ കൂടുതലാണ്. ഇതോടെ കൗൺസിലിംഗ് സെന്ററിന്റെ പ്രവർത്തനം പുനരാരംഭിക്കണമെന്നാവശ്യം ശക്തമായിട്ടുണ്ട്.