Asianet News MalayalamAsianet News Malayalam

വയനാട്ടില്‍ കര്‍ഷകര്‍ക്ക് ആശ്വാസമായി വേനല്‍മഴ; നഗരങ്ങളില്‍ മഴ യാത്രക്കാരെ വലച്ചു

ചൂട് കൂടുന്നതോടെ വയനാട്ടിലെ കാടിനടുത്ത പ്രദേശങ്ങളില്‍ വന്യമൃഗശല്യം പതിവാകാറുണ്ട്. എന്നാല്‍ മഴ ലഭിക്കുന്നതോടെ കാട്ടിലെ ജലാശയങ്ങള്‍ വീണ്ടും നിറയും. മാത്രമല്ല മാനുകള്‍ക്കും കാട്ടാടുകള്‍ക്കുമുള്ള തീറ്റയും കാടിനകത്ത് ലഭിക്കും. 

Summer rains bring relief to farmers in Wayanad
Author
Kalpetta, First Published Feb 23, 2021, 10:02 AM IST

കല്‍പ്പറ്റ: കര്‍ഷകര്‍ക്ക് ആശ്വാസമായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ വേനല്‍മഴ. കടുത്ത വരള്‍ച്ച അനുഭവപ്പെടുന്ന പുല്‍പ്പള്ളി, സുല്‍ത്താന്‍ബത്തേരി എന്നിവിടങ്ങളില്‍ വൈകുന്നേരത്തോടെയാണ് കനത്ത മഴ പെയ്തത്. രണ്ടരയോടെ തുടങ്ങിയ മഴ അരമണിക്കൂറോളം നേരം പെയ്തത് വിളകള്‍ക്ക് ആശ്വാസമാകുമെന്ന് കര്‍ഷകര്‍ പറഞ്ഞു. കാപ്പി, കുരുമുളക് തോട്ടങ്ങളില്‍ പുതയിടുന്ന പ്രവൃത്തി ഇനിയും ആരംഭിച്ചിട്ടില്ലാത്തതിനാല്‍ മഴയെത്തിയതില്‍ കര്‍ഷകര്‍ ആശ്വാസത്തിലാണ്. പ്രത്യേകിച്ചും കാര്‍ഷിക വിളകള്‍ക്ക് വിലയിടിവ് തുടരുന്ന സാഹചര്യത്തില്‍. 

ചൂട് കൂടുന്നതോടെ വയനാട്ടിലെ കാടിനടുത്ത പ്രദേശങ്ങളില്‍ വന്യമൃഗശല്യം പതിവാകാറുണ്ട്. കാടിനകത്തെ സ്വാഭാവിക ജലാശയങ്ങള്‍ പോലും വറ്റുന്നതോടെയും കാടിനകത്ത് തീറ്റ കുറയുന്നതോടെയും ആന, പന്നി, മാന്‍, കാട്ടാട്, കടുവ തുടങ്ങിയ മൃഗങ്ങള്‍  ജനവാസപ്രദേശങ്ങളിലേക്ക് എത്തുന്നത്. എന്നാല്‍ മഴ ലഭിക്കുന്നതോടെ കാട്ടിലെ ജലാശയങ്ങള്‍ വീണ്ടും നിറയും. മാത്രമല്ല മാനുകള്‍ക്കും കാട്ടാടുകള്‍ക്കുമുള്ള തീറ്റയും കാടിനകത്ത് ലഭിക്കും. 

വരള്‍ച്ചസമയങ്ങലില്‍ ആടും മാനുമൊക്കെ പച്ചപ്പ് തേടി തോട്ടങ്ങളിലും മറ്റും എത്താറുണ്ട്. ഇവയുടെ പിന്നാലെ എത്തുന്ന കടുവകളടക്കമുള്ളവ പിന്നീട് നാട്ടില്‍ ഭീതി വിതക്കുന്നത് നിത്യസംഭവമാണ്. സുല്‍ത്താന്‍ബത്തേരി നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും നല്ല മഴയാണ് ഇന്ന് ലഭിച്ചത്. അപ്രതീക്ഷിതമായി എത്തിയ കനത്ത മഴയില്‍ സ്ത്രീകള്‍ അടക്കമുള്ള യാത്രക്കാര്‍ വലഞ്ഞു. കഴിഞ്ഞ ദിവസം പുല്‍പ്പള്ളി നഗരത്തിലടക്കം ശക്തമായ മഴയാണ് ലഭിച്ചത്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ വരള്‍ച്ച നേരിടുന്ന മുള്ളകൊല്ലിയടക്കമുള്ള പ്രദേശങ്ങള്‍ പുല്‍പ്പള്ളി മേഖലയിലാണ്.
 

Follow Us:
Download App:
  • android
  • ios