വേനൽ മഴ കാരണം വിളവെടുപ്പ് വൈകിയിരുന്നു. ഇത് മുതലെടുത്ത് 23 കിലോയോളം കിഴിവ് ചോദിക്കുന്നുവെന്നാണ് കർഷകരുടെ ആക്ഷേപം.
കോട്ടയം: ജില്ലയിലെ ചെറുകിട നെൽ കർഷകരിൽ നിന്ന് സപ്ലൈക്കോ (Supplyco) നെല്ല് (Paddy) സംഭരിക്കുന്നില്ലെന്ന് ആക്ഷേപം. വിവിധയിടങ്ങളിലായി ടൺ കണക്കിന് നെല്ലാണ് പാടങ്ങളിൽ കെട്ടിക്കിടക്കുന്നത്. നൂറ് കിലോ നെല്ല് സംഭരിക്കാൻ മില്ലുടമകൾക്ക് 23 കിലോ കിഴിവ് നൽകണമെന്ന് ഉദ്യോഗസ്ഥർ തന്നെ നിർബന്ധിക്കുന്നുവെന്നാണ് കർഷകരുടെ ആരോപണം. 42 ഏക്കറിൽ കൃഷിയുള്ള കാക്കുഴി ആലപ്പാട്ടുച്ചാൽ കർഷക സമിതി വിളവെടുത്ത 20 ടൺ നെല്ല് വഴിയോരത്ത് കൂട്ടിയിട്ടിരിക്കുന്ന അവസ്ഥയിലാണ്. ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും മില്ലുടമകളും ഏജന്റുകളും തിരിഞ്ഞു നോക്കിയില്ല. വേനൽ മഴ കാരണം വിളവെടുപ്പ് വൈകിയിരുന്നു. ഇത് മുതലെടുത്ത് 23 കിലോയോളം കിഴിവ് ചോദിക്കുന്നുവെന്നാണ് കർഷകരുടെ ആക്ഷേപം. അതായത് 123 കിലോ നെല്ല് നൽകിയാൽ നൂറ് കിലോയുടെ പണം നൽകും. മില്ലുടമകൾക്കും ഏജന്റുകൾക്കും ഉദ്യോഗസ്ഥർ തന്നെ കൂട്ട് നിൽക്കുന്നുവെന്നാണ് പരാതി.
ഉണക്കിയ നെല്ല് രണ്ട് തവണ പതിര് തിരിച്ചിട്ടും വാങ്ങാൻ ആളില്ല. മിക്കവരും വീടും ആഭരണങ്ങളും പണയം വച്ചാണ് കൃഷിയിലേക്കിറങ്ങിയത്. ടാർപ്പോളിനും ചാക്കും വിരിച്ചാണ് നെല്ല് ഇപ്പോൾ സൂക്ഷി്ചിരിക്കുന്നത്. ഈർപ്പം ഇറങ്ങിയാൽ നഷ്ടം വലുതാകും. നെല്ല് വിൽക്കാനായില്ലെങ്കിൽ ആത്മഹത്യയല്ലാതെ വഴിയില്ല. നെല്ലിന് നിലവാരം കുറവാണെന്നാണ് പരിശോധനയിൽ വ്യക്തമായതെന്നാണ് സപ്ലൈക്കോയുടെ വിശദീകരണം. സംഭരിക്കാൻ കിഴിവ് നൽകണമെന്ന് നിർദേശം നൽകിയിട്ടില്ലെന്നും അധികൃതർ വിശദീകരിച്ചു
