Asianet News MalayalamAsianet News Malayalam

'ഐ നീഡ് ടു നോ'; ഓച്ചിറയില്‍ ഇംഗ്ലീഷിൽ പൊലീസിനെ വിരട്ടി സുരേഷ്ഗോപി: വൈറലായി വീഡിയോ

ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെയാണ് സുരേഷ് ഗോപി രാജസ്ഥാന്‍ സ്വദേശികളുടെ വീട്ടിലെത്തിയത്. പെണ്‍കുട്ടികളുടെ മാതാപിതാക്കളെ ആശ്വസിപ്പിച്ച സുരേഷ് ഗോപി പൊലീസ് ഉദ്യോഗസ്ഥരോട് അന്വഷണ പുരോഗതി ആരായുകയും ചെയ്തു

suresh gopi demands investigation progress in minor girl kidnap from ochira video went viral
Author
Ochira, First Published Mar 22, 2019, 5:41 PM IST

കൊല്ലം: ഓച്ചിറയിൽ  13 വയസുകാരിയെ തട്ടിക്കൊണ്ട് പോയ സംഭവത്തില്‍ പൊലീസിനെതിരെയും സര്‍ക്കാരിനെതിരെയും വിമര്‍ശനം രൂക്ഷമാവുന്നതിനിടെ പെണ്‍കുട്ടിയുടെ മാതാപിതാക്കളെ സന്ദര്‍ശിച്ച് സുരേഷ് ഗോപി എംപി . ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെയാണ് സുരേഷ് ഗോപി രാജസ്ഥാന്‍ സ്വദേശികളുടെ വീട്ടിലെത്തിയത്. പെണ്‍കുട്ടികളുടെ മാതാപിതാക്കളെ ആശ്വസിപ്പിച്ച സുരേഷ് ഗോപി പൊലീസ് ഉദ്യോഗസ്ഥരോട് അന്വഷണ പുരോഗതി ആരായുകയും ചെയ്തു. 

പൊലീസ് ഉദ്യോഗസ്ഥനെ നേരിട്ട് ഫോണ്‍ വിളിച്ച് രോഷത്തോടെ പൊലീസ് ഉദ്യോഗസ്ഥനോട്  ഇംഗ്ലീഷിൽ സംസാരിക്കുന്ന സുരേഷ് ഗോപിയുടെ വീഡിയോ ഇതിനോടകം വൈറലായിരിക്കുകയാണ്. രണ്ട് മാസം മുന്‍പ് നടന്ന ഒരു സംഭവവുമായി ഇതിനെ കൂട്ടിവായിക്കേണ്ടതുണ്ടെന്ന് സുരേഷ് ഗോപി പൊലീസ് ഉദ്യോഗസ്ഥനോട് പറയുന്നു. ഇത് സംബന്ധിച്ച് പൊലീസുകാര്‍ക്ക് ഒരു വ്യക്തതയുമില്ല. നാട്ടുകാരാണ് അക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ട്രാന്‍സ്ഫറായി എത്തിയിട്ടുള്ള ഉദ്യോഗസ്ഥനാണ് ഇവിടെ ഉള്ളത്. അദ്ദേഹത്തിന് സംഭവത്തെക്കുറിച്ച് ഒരുവിവരവുമില്ല. എന്ത് നടപടിയെടുക്കുമെന്ന് പൊലീസോ കലക്ടറോ ആരെങ്കിലും മറുപടി നല്‍കണം. പെണ്‍കുട്ടിയുടെ കുടുംബത്തിന് വലിയ നീതി നിഷേധമാണ് നേരിടേണ്ടി വന്നിരിക്കുന്നതെന്നും സുരേഷ് ഗോപി ഫോണില്‍ പറയുന്ന വീഡിയോ സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്ത് കഴിഞ്ഞു. 

പെണ്‍കുട്ടിയുടെ മാതാപിതാക്കളെ കണ്ട് ആശ്വസിപ്പിക്കാന്‍ സുരേഷ് ഗോപി എത്തിയത്. ആദ്യം മാധ്യമങ്ങളെ കാണാന്‍ അദ്ദേഹം തയ്യാറായില്ല. മാതാപിതാക്കളെ കണ്ട ശേഷമാണ് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിക്കാന്‍ തയ്യാറായത്. സംഭവം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും സര്‍ക്കാര്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് സുരേഷ് ഗോപി ചോദിച്ചു. പൊലീസുകാരുടെ മൂക്കിന് താഴെയാണ് ഇത്തരത്തിലൊരു സംഭവം നടന്നത്. നവോത്ഥാനത്തിന്റെ മൂല്യത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുന്ന ആളുകള്‍ എന്തുകൊണ്ട് വിഷയത്തില്‍ ഇടപെട്ടില്ലെന്നും സുരേഷ് ഗോപി ചോദിച്ചു

അതേസമയം കേസിൽ പ്രതിക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി. ബംഗലൂരൂ, രാജസ്ഥാൻ എന്നിവിടങ്ങളിലും കേരളത്തിലെ വടക്കൻ ജില്ലകളിലും ലുക്ക് ഔട്ട് നോട്ടീസിറക്കും. ഓച്ചിറ എസ്ഐയും സിഐയും അന്വേഷിച്ചു കൊണ്ടിരുന്ന കേസിന്‍റെ അന്വേഷണ ചുമതല കരുനാഗപ്പള്ളി എസിപിക്ക് കൈമാറി. പെൺകുട്ടിയെ കാണാതായിട്ട് അഞ്ച് ദിവസം കഴിഞ്ഞിട്ടും കണ്ടെത്താനാകാത്തതിനാലാണ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കുന്നതും അന്വേഷണ ചുമതല കൈമാറുന്നതും. 

വിഷയം കോൺഗ്രസ് രാഷ്ട്രീയമായി ഏറ്റെടുക്കാനുള്ള നീക്കം ആരംഭിച്ചതും സർക്കാരിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. പ്രതിപക്ഷ നേതാവടക്കം പെൺകുട്ടിയുടെ മാതാപിതാക്കളെ വീട്ടിലെത്തി സന്ദർശിക്കുകയും ചെയ്തു. പെൺകുട്ടിയുടെ വീട്ടിന് മുന്നിൽ കൊല്ലം ഡിസിസി പ്രസിഡന്‍റ് ബിന്ദു കൃഷ്ണ 24 മണിക്കൂർ ഉപവാസ സമരവും ആരംഭിച്ചിട്ടുണ്ട്. സ്ഥലത്തെ സിപിഎം നേതാവിന്‍റെ മകൻ ഉൾപ്പെട്ടതിനാലാണ് കേസ് മുന്നോട്ട് പോകാത്തതെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. 

സംഭവത്തില്‍ നാല് പ്രതികള്‍ക്കെതിരെ നേരത്തെ തന്നെ പോക്സോ ചുമത്തിയിരുന്നു. കേസില്‍ പെണ്‍കുട്ടിയെയും പ്രതികളെയും കണ്ടെത്താന്‍ കേരളാ പൊലീസ് ബാംഗ്ലൂർ പൊലീസിന്‍റെ സഹായം തേടിയിട്ടുണ്ട്. പ്രതി റോഷൻ പെൺകുട്ടിയുമായി ബാംഗ്ലൂരിലേക്ക് കടന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കേരളാ പൊലീസ് ബാംഗ്ലൂർ പൊലീസിന്‍റെ സഹായം തേടിയത്.

തിങ്കളാഴ്ചയാണ് ഓച്ചിറ സ്വദേശി റോഷനും സംഘവും വഴിയോരക്കച്ചവടക്കാരായ മാതാപിതാക്കളെ മർദ്ദിച്ച് അവശരാക്കി 13 കാരിയെ തട്ടിക്കൊണ്ട് പോയത്. ഓച്ചിറ - വലിയകുളങ്ങര പ്രദേശത്ത് പ്ലാസ്റ്റർ ഓഫ് പാരിസ് ഉപയോഗിച്ച് വിഗ്രഹങ്ങൾ ഉണ്ടാക്കി വിൽക്കുന്ന രാജസ്ഥാൻ സ്വദേശികളുടെ മകളെയാണ് റോഷന്‍റെ നേതൃത്വത്തിലുള്ള സംഘം തട്ടിക്കൊണ്ട് പോയത്. 

തടയാൻ ശ്രമിച്ചപ്പോൾ അച്ഛനമ്മമാരെ മർദ്ദിച്ച് അവശരാക്കി വഴിയിൽത്തള്ളിയ ശേഷം പെൺകുട്ടിയെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. പരാതിയുമായി സ്റ്റേഷനിലെത്തിയപ്പോൾ ആദ്യം കേസെടുക്കാൻ തയ്യാറാകാതിരുന്ന പൊലീസ് പിന്നീട് നാട്ടുകാരുടെ വലിയ പ്രതിഷേധങ്ങൾക്കൊടുവിലാണ് കേസെടുത്തത്. 
 

Follow Us:
Download App:
  • android
  • ios