കോഴിക്കോട് : മിഠായി തെരുവില്‍ വാഹന ഗതാഗതം അനുവദിക്കുന്നത് സംബന്ധിച്ച് പൊതുജനാഭിപ്രായം തേടാന്‍ ഐ.ഐ.എമ്മിന്റെ നേതൃത്വത്തില്‍ അഭിപ്രായ സര്‍വ്വെ നടത്തും. മിഠായി തെരുവിലെ വാഹന ഗതാഗത പ്രശ്‌നത്തില്‍ കോഴിക്കോട് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്റെ അധ്യക്ഷതയില്‍ വ്യാപാര സംഘടന നേതാക്കളുമായി നടത്തിയ ചര്‍ച്ച എങ്ങുമെത്താത്ത സാഹചര്യത്തിലാണ് പുതിയ തീരുമാനം. സര്‍വ്വെ ഫലം ലഭിച്ചാല്‍ വ്യാപാരി പ്രതിനിധികളുടെ സാന്നിധ്യത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കും.

നിലവില്‍ വാഹന ഗതാഗതം രാത്രി 11 മുതല്‍ രാവിലെ 9 വരെയായി നിജപ്പെടുത്തുമെന്ന ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം പ്രായോഗികമല്ലെന്ന നിലപാടിലാണ് വ്യാപാരികള്‍. ചെറിയ ഗുഡ്‌സ് വാഹനങ്ങള്‍ക്ക് സാധനം എത്തിക്കുന്നതിന് സര്‍വീസ് നടത്താം.

അനുമതി ലഭിച്ച തെരുവു കച്ചവടക്കാര്‍ക്ക് മാത്രമാണ് നിലവില്‍ കച്ചവടം നടത്താനാകുക. ഇവര്‍ക്കായി മാര്‍ക്ക് ചെയ്ത സ്ഥലത്ത് മാത്രമാണ് കച്ചവടത്തിന് അനുമതി. എന്നാല്‍ എസ്.കെ സ്‌ക്വയറിന് സമീപം കച്ചവടം അനുവദിക്കില്ല. മിഠായി തെരുവില്‍ കലാകാരന്മാർക്ക് വിലക്കുണ്ടാവില്ലെന്നും യോഗത്തില്‍ മേയര്‍ അറിയിച്ചു. 

ഗതാഗത തടസവും തിരക്കും ഉണ്ടാവാത്ത തരത്തില്‍  ചെറിയ പരിപാടികള്‍ വാരാന്ത്യങ്ങളില്‍ നടത്താം. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ വൈകീട്ട് 6 മുതല്‍ 8 മണിവരെയാണ് പരിപാടികള്‍ക്ക് സമയം അനുവദിക്കുക. തെരുവില്‍ വേസ്റ്റ് ബിന്‍ ഉപയോഗം കാര്യക്ഷമമായി നടപ്പാകുന്നില്ലെന്നും വ്യാപാരികള്‍ മുന്‍കയ്യെടുത്ത് ഇക്കാര്യം ശ്രദ്ധിക്കണമെന്നും മേയര്‍ പറഞ്ഞു.

ജില്ലാ കലക്ടര്‍ യു.വി ജോസ്, റീജ്യണല്‍ ടൗണ്‍ പ്ലാനര്‍ എ.വി അബ്ദുള്‍ മാലിക്, തഹസില്‍ദാര്‍ ഇ അനിതകുമാരി, ടൂറിസം ഡപ്യൂട്ടി ഡയറക്ടര്‍ സി.എന്‍ അനിത കുമാരി, ഡപ്യൂട്ടി കമ്മീഷണര്‍ കെ.എം ടോണി, സൗത്ത് എ.സി.പി അബ്ദുള്‍ റസാഖ്, കോര്‍പ്പറേഷന്‍ ഹെല്‍ത്ത് ഓഫീസര്‍ ആര്‍.എസ് ഗോപകുമാര്‍, എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ ജയന്‍, വ്യാപാരി വ്യവസായി പ്രതിനിധികള്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.