ഡോക്ടര്‍ വിജു ജേക്കബിന്‍റെ ആത്മകഥ, സിന്തൈറ്റ് സ്ഥാപകന്‍ സി വി ജേക്കബിന്‍റെയും കഥയാണ്

കൊച്ചി: 'സുഗന്ധ ജീവിതം' എന്ന പേരില്‍ ആത്മകഥയുമായി സിന്തൈറ്റ് എംഡി വിജു ജേക്കബ്. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ശശി തരൂര്‍ എംപി ആത്മകഥ പ്രകാശനം ചെയ്തു. ആദ്യ കോപ്പി പോണ്ടിച്ചേരിയിലെ ഫ്രഞ്ച് കോണ്‍സുലേറ്റ് ജനറല്‍ ഏറ്റുവാങ്ങി.

സുഗന്ധങ്ങളുടെയും രുചികളുടെയും ലോകത്തേക്ക് വായനക്കാരെ ക്ഷണിക്കുന്ന പുസ്തകമാണിത്. ഒപ്പം സിന്തൈറ്റ് ഇന്‍ഡസ്ട്രീസിന്‍റെ പ്രയാണ ചരിത്രവും ഈ പുസ്തകത്തിലുണ്ട്. ശശി തരൂരിന്‍റെ അവതാരികയോടെയാണ് സുഗന്ധ ജീവിതം തുടങ്ങുന്നത്. ഡോക്ടര്‍ വിജു ജേക്കബിന്‍റെ ആത്മകഥ, സിന്തൈറ്റ് സ്ഥാപകന്‍ സി വി ജേക്കബിന്‍റെയും കഥയാണ്. വിജയത്തിലും പരാജയത്തിലും പ്രതിസന്ധിയിലും കരുത്ത് പിതാവ് തന്നെയെന്ന് അദ്ദേഹം എഴുത്തിലൂടെ ഊന്നിപ്പറയുന്നു.

കോലഞ്ചേരിയിലെ ഗ്രാമീണ ചുറ്റുപാടുകളില്‍ നിന്ന് ലോകത്തിന്‍റെ നെറുകയിലെത്തിയ വിജു ജേക്കബിന്‍റെ വളര്‍ച്ച പുസ്തകത്തിലൂടെ തിരിച്ചറിയാമെന്നും വായനക്കാര്‍ക്ക് വലിയ പ്രചോദനമാണെന്നും പുസ്തക പ്രകാശന ചടങ്ങില്‍ പങ്കെടുത്ത എറണാകുളം എംപി ഹൈബി ഈഡന്‍ പറഞ്ഞു. എഴുത്തിന് താങ്ങും തണലുമായി ഒപ്പം നിന്നവര്‍ക്ക് വിജു ജേക്കബ് നന്ദി പറഞ്ഞു. 33 അധ്യായങ്ങളായിട്ടാണ് സുഗന്ധ ജീവിതം ഒരുക്കിയിരിക്കുന്നത്. മൂല്യവര്‍ധിത സുഗന്ധവ്യഞ്ജനങ്ങളുടെ ഉത്പാദനത്തിലും കയറ്റുമതിയിലും ലോകത്തെ ഏറ്റവും വലിയ കമ്പനികളില്‍ ഒന്നാണ് സിന്തൈറ്റ് ഗ്രൂപ്പ് 

YouTube video player