ഇടുക്കിയില്‍ നിന്ന് ഏലക്കാ വാങ്ങി, തമിഴ്നാട്ടില്‍ എത്തിച്ച് കച്ചവടം നടത്തുന്ന വ്യാപാരി എന്ന നിലയിലാണ് ഇയാള്‍ പൂപ്പാറയില്‍ എത്തിയത്.
ഇടുക്കി: പൂപ്പാറയിലെ വ്യാപാര സ്ഥാപനത്തില്‍ നിന്ന് ഏലക്കായും പണവും മോഷ്ടിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍. തമിഴ്നാട് തേവാരം സ്വദേശിയായ ഈശ്വരനാണ് പിടിയിലായത്. ഏല വ്യാപാരി എന്ന വ്യാജേന സ്ഥാപനത്തില്‍ എത്തി പരിചയം സ്ഥാപിച്ചാണ് ഇയാള്‍ മോഷണം നടത്തിയത്. കഴിഞ്ഞ മാര്‍ച്ച് 31നാണ് പൂപ്പാറയിലെ മലഞ്ചരക്ക് വ്യാപാര സ്ഥാപനത്തില്‍ നിന്ന് 50 കിലോ ഏലക്കായും 50,000 രൂപയും മോഷണം പോയത്. ഇടുക്കിയില്‍ നിന്ന് ഏലക്കാ വാങ്ങി, തമിഴ്നാട്ടില്‍ എത്തിച്ച് കച്ചവടം നടത്തുന്ന വ്യാപാരി എന്ന നിലയിലാണ് ഇയാള്‍ പൂപ്പാറയില്‍ എത്തിയത്.
സ്ഥാപന ഉടമയുമായി സൗഹൃദം സ്ഥാപിച്ച ശേഷം ഉടമ ഇല്ലാത്ത സമയത്ത് മോഷണം നടത്തുകയായിരുന്നു. ചാക്കില്‍ സൂക്ഷിച്ചിരുന്ന 50 കിലോ ഏലക്കാ ഓട്ടോറിക്ഷയില്‍ കയറ്റി പൂപ്പാറയിലെ മറ്റൊരു സ്ഥാപനത്തില്‍ എത്തിച്ച് വില്‍പന നടത്തി. പിന്നീട് തമിഴ്നാട്ടില്‍ നിന്ന് സുഹൃത്തിനെ വിളിച്ച് വരുത്തി, സ്ഥാപനത്തില്‍ നിന്ന് അപഹരിച്ച പണവും ഏലക്കാ വില്‍പന നടത്തിയ പണവുമായി തമിഴ്നാട്ടിലേയ്ക്ക കടക്കുകയായിരുന്നു. സംഭവത്തിന് ശേഷം ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ മൊബൈല്‍ ലൊക്കേഷന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവില്‍ തിരുപ്പൂരില്‍ നിന്നുമാണ് ശാന്തന്‍പാറ പൊലിസ് അറസ്റ്റ് ചെയ്തത്.
