കോഴിക്കോട്: പക്ഷാഘാതത്തെ തുടര്‍ന്ന് എവിടെയാണ് തന്‍റെ വീടെന്ന് ഓര്‍ത്തെടുക്കാന്‍ പറ്റാത്ത അവസ്ഥയിലാണ് തമിഴ്നാട് സ്വദേശിയായ പരശുരാമന്‍. ഒരു വശം തളര്‍ന്ന ഈ 38 വയസുകാരനിപ്പോള്‍ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ചികിത്സയിലാണ്.

കരിങ്കല്ല് കെട്ടുന്ന ജോലിക്കിടെ കോഴിക്കോട് പൊറ്റമ്മലില്‍ വച്ചാണ് പരശുരാമന് പക്ഷാഘാതമുണ്ടാകുന്നത്. ഒരു വശം തളര്‍ന്ന് സംസാരിക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലായിരുന്നു. ചികിത്സയെ തുടര്‍ന്ന് പരശുരാമന് ഇപ്പോള്‍ ഓര്‍മ്മക്കുറവുണ്ടെങ്കിലും സംസാരിക്കാന്‍ സാധിക്കും. തമിഴ്നാട്ടിലെ മംഗലംപേട്ടൈ സ്വദേശിയാണെന്നാണ് പരശുരാമന്‍ പറയുന്നത്. ഇദ്ദേഹം പറഞ്ഞ വിലാസത്തില്‍ പൊലീസ് അന്വേഷിച്ചെങ്കിലും ആരെയും കണ്ടെത്താനായില്ല. 

കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ചികിത്സയിലുള്ള ഇദ്ദേഹത്തിന്‍റെ ബന്ധുക്കളെ കണ്ടെത്താന്‍ സഹായിക്കണമെന്നാണ് സന്നദ്ധ പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നത്. ഭാര്യയും മൂന്ന് മക്കളുമുണ്ടെന്നാണ് പരശുരാമന്‍ പറയുന്നത്. തലശേരി ടി സി മുക്കില്‍ ബന്ധുക്കള്‍ ജോലി ചെയ്യുന്നുണ്ടത്രെ. ഒരു വശം തളര്‍ന്നെങ്കിലും ഫിസിയോ തെറാപ്പി ചികിത്സയിലൂടെ ഇദ്ദേഹത്തെ പഴയ നിലയിലേക്ക് കൊണ്ടുവരാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഡോക്ടര്‍മാര്‍.