ടാർ മിക്സിംഗ് യൂണിറ്റിൽ നിന്നുള്ള പുകയും പൊടിപടലങ്ങളും ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നുവെന്നാണ് പ്രധാന പരാതി. ശ്വാസ കോശ രോഗങ്ങളും അലർജിയും കൂടിവരുന്നു
പത്തനംതിട്ട: റാന്നിയിൽ സ്വകാര്യ കമ്പനിയുടെ ടാർ മിക്സിംഗ് യൂണിറ്റ് പരിസ്ഥിതി മലിനീകരണം ഉണ്ടാക്കുന്നുവെന്ന പരാതിയുമായി നാട്ടുകാർ. പത്തിലധികം കുടുംബങ്ങളാണ് പ്ലാന്‍റിനെതിരെ മലനീകരണ നിയന്ത്രണ ബോർഡിനും പഞ്ചായത്തിനും പരാതി നൽകിയിരിക്കുന്നത്.
തിയ്യാടിക്കലിൽ പ്രവർത്തിക്കുന്ന ബഗോറ ടാർ മിക്സിംഗ് യൂണിറ്റിനെതിരെയാണ് നാട്ടുകാർ ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ രംഗത്തെത്തിയിട്ടുള്ളത്. ടാർ മിക്സിംഗ് യൂണിറ്റിൽ നിന്നുള്ള പുകയും പൊടിപടലങ്ങളും ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നുവെന്നാണ് പ്രധാന പരാതി. ശ്വാസ കോശ രോഗങ്ങളും അലർജിയും കൂടിവരുന്നുവെന്നും കുട്ടികൾക്കും പ്രായമായവർക്കും ആസ്വസ്ഥതകളുണ്ടാകുന്നുവെന്നും നാട്ടുകാർ പറയുന്നു.
മലിനീകരണ നിയന്ത്രണ ബോർഡ് ലൈസൻസ് അനുസരിച്ച് പകൽ മാത്രമേ യൂണിറ്റ് പ്രവർത്തിക്കാൻ പാടുള്ളു. എന്നാൽ, പുലർച്ചെ മുതൽ യൂണിറ്റ് പ്രവർത്തിക്കുന്നതായി നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യം വ്യക്തമാക്കി മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാൻ ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയിരുന്നു.
നാട്ടുകാരുമായി കമ്പനി പ്രതിനിധികൾ ചർച്ച നടത്തിയതിനെ തുടർന്ന് നൽകിയ ഉറപ്പുകൾ പാലിക്കപ്പെട്ടില്ലെന്നും ആക്ഷൻ കമ്മിറ്റി പറയുന്നു. അതേ സമയം നാട്ടുകാരുടെ പരാതി അടിസ്ഥാന രഹിതമാണെന്നും നിയമാനുസൃതമായാണ് പ്ലാന്‍റിന്‍റെ പ്രവർത്തനമെന്നുമാണ് കമ്പനി ഉടമകൾ വ്യക്തമാക്കുന്നത്. 2019 ജൂലൈ വരെയാണ് പ്ലാന്‍റിന് പ്രവർത്തനാനുമതി ഉള്ളത്.
