മലപ്പുറം:  പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയരാക്കിയ മദ്രസ അദ്ധ്യാപകൻ കുറ്റക്കാരനെന്ന് മഞ്ചേരി പോക്സോ സ്പെഷ്യൽ കോടതി കണ്ടെത്തി.  പ്രതിക്കുള്ള ശിക്ഷ ജഡ്ജി എ വി നാരായണൻ 24ന് പ്രസ്താവിക്കും.  കാടാമ്പുഴ കൂട്ടാടമ്മൽ തെക്കത്തിൽ അൻവർ സാദിഖ് (36) ആണ് പ്രതി.  

2014 നവംബർ ഒമ്പതിന് ഉച്ചക്ക് 12 മണിക്കാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.  മദ്രസാ വിദ്യാർത്ഥികളായ ഒമ്പതും പന്ത്രണ്ടും വയസ്സുള്ള രണ്ട് കുട്ടികളെ പ്രലോഭിപ്പിച്ച് പ്രതിയുടെ വീട്ടിലേക്ക് കൊണ്ടു പോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. കുട്ടികൾ നൽകിയ പരാതിയെ തുടർന്ന് നവംബർ പത്തിന് കാടാമ്പുഴ പൊലീസ് പ്രതിയെ അറസ്റ്റു ചെയ്യുകയായിരുന്നു. 

പതിനൊന്നുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയനാക്കിയ അൻവർ സാദിഖിനെ മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി (ഒന്ന്) ജഡ്ജി പി എസ് ശശികുമാർ അഞ്ചു വർഷത്തെ കഠിന തടവിനും 25000 രൂപ പിഴയടക്കാനും ശിക്ഷിച്ചിരുന്നു. 2015 ജൂലൈ ഒമ്പതിനായിരുന്നു വിധി.  2011 മാർച്ച് ഒന്നിന് രാവിലെ ഒമ്പത് മണിക്കായിരുന്നു  ആദ്യ കേസിന്നാസ്പദമായ സംഭവം.  

മദ്രസ വിട്ട് പോകുകയായിരുന്ന കുട്ടിയെ പാട്ട് സിഡി നൽകാമെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിക്കുകയായിരുന്നു. കല്പകഞ്ചേരി പൊലീസ് ചാർജ്ജ് ചെയ്ത കേസിൽ ജില്ലാ കോടതി വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകിയിരിക്കയാണ് അൻവർ സാദിഖ്.