സംഭവം നടന്ന് 16 കൊല്ലത്തിന് ശേഷമാണ് ശിക്ഷ വിധിക്കുന്നത്. അയല്‍വാസിയായ അധ്യാപിക കാഴ്ച നഷ്ടമായെന്നറിഞ്ഞ ശേഷം ഒരിക്കല്‍ പോലും വിവരം തിരക്കിയെത്തിയില്ല എന്നതാണ് അല്‍ അമീന്‍റെ കുടുംബത്തിന്‍റെ ഏറ്റവും വലിയ ദുഖം. ഒരു ജോലി പോലും കിട്ടാതെ കഷ്ടപ്പാടിലായ അന്നത്തെ മൂന്നാംക്ലാസുകാരന് ഇന്ന് പ്രായം 25ാണ്.

16 വർഷം മുമ്പ് അധ്യാപിക പേന എറിഞ്ഞതിനെത്തുടര്‍ന്ന് (throwing pen at Class 3 student eye)ഒരു കണ്ണിന്‍റെ കാഴ്ച പൂര്‍ണമായും നഷ്ടപ്പെട്ട തിരുവനന്തപുരം സ്വദേശിയായ അൽ അമീൻ(Al Amin) ഇപ്പോഴും ദുരിതജീവിതത്തിലാണ്. ഒരു വർഷത്തെ കഠിനതടവിന് (one year of rigorous imprisonment) അധ്യാപിക ഷെരീഫ ഷാജഹാനെ(Sheriffa Shahjahan) ശിക്ഷിച്ച കോടതിയെ വിധിയേക്കുറിച്ച് പ്രതികരിക്കാനില്ലെന്നും വിധി വായിച്ചു നോക്കൂ എന്നുമാണ് അല്‍ അമീന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്. ഇത്രവർഷമായിട്ടും വീടിനടുത്ത് താമസിക്കുന്ന അധ്യാപിക അൽ അമീനെ കാണാൻ പോവുക പോലും ചെയ്തില്ല എന്നതാണ് അല്‍ അമീന്‍റെ കുടുംബത്തിന്‍റെ ഏറ്റവും വലിയ ദുഖം.

മലയിന്‍കീഴ് കണ്ടല ഗവ ഹൈസ്കൂളില്‍ 16 കൊല്ലം മുമ്പായിരുന്നു സംഭവം. 2005 ജനുവരി 18 ന് ഉച്ചയ്ക്ക് മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായ അല്‍അമീന്‍ അറബിക് ക്ലാസ്സിനിടെ പിറകിലേക്ക് ഒന്ന് തിരിഞ്ഞു. ദേഷ്യം പിടിച്ച അധ്യാപിക ഷെരീഫാ ഷാജഹാന്‍ അല്‍ അമീന്‍റെ നേരെ പേനയെറിഞ്ഞു. പേനയുടെ മുന മുന്‍ ബെഞ്ചിലിരുന്ന അല്‍ അമീന്‍റെ കണ്ണിലെ കൃഷ്ണമണിയില്‍ തറച്ചു. പരിക്കേറ്റ അല്‍ അമീനെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയില്‍ നിന്ന് നേരെ സര്‍ക്കാര്‍ കണ്ണാശുപത്രിയിലെത്തിച്ചു. കണ്ണിന് ശസ്ത്രക്രിയ പൂര്‍ത്തിയാക്കി രണ്ടാഴ്ച അവിടെയായിരുന്നു. കാഴ്ച ശക്തി പൂര്‍ണമായി നഷ്ടപ്പെട്ടെന്നും ഇനി തിരിച്ചു കിട്ടാന്‍ സാധ്യതയില്ലെന്നും അപ്പോള്‍ തന്നെ ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചിരുന്നു. പിന്നീട് മൂന്ന് ലക്ഷത്തോളം ചെലവഴിച്ച് രണ്ട് ശസ്ത്രക്രിയ കൂടി നടത്തി. ഫലമുണ്ടായില്ല. പത്തുവര്‍ഷത്തിലധികം ചികില്‍സ തുടര്‍ന്നു. ഇപ്പോള്‍ വയസ്സ് 25 ആയി. ഒരു ജോലി പോലും കിട്ടാന്‍ പ്രയാസമായെന്ന് പറയുമ്പോള്‍ അല്‍ അമീന്‍റെ കണ്ണ് നിറയും.

YouTube video player

ഉമ്മ സുമയ്യക്കും മകന്‍റെ കാര്യമോര്‍ത്ത് സങ്കടം സഹിക്കാനാകുന്നില്ല . മീന്‍ കച്ചവടക്കാരനാണ് അല്‍ അമീന്‍റെ ബാപ്പ. അനുജന്‍ വിദ്യാര്‍ത്ഥിയാണ്. അല്‍ അമീന്‍റെ വീട്ടില്‍ നിന്നും അധ്യാപിക ഷെരീഫാ ഷാജഹാന്‍റെ വീട്ടിലേക്ക് അധികം ദൂരമില്ല. പക്ഷേ എന്നിട്ടും ഒരു തവണ പോലും ഈ 16 കൊല്ലത്തിനിടെ അവര്‍ വീട്ടിലെത്തിയില്ലെന്നാണ് അൽ അമീൻറെ കുടുംബം പറയുന്നത്. കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം പോക്സോ കോടതി അധ്യാപിക ഷെരീഫാ ഷാജഹാനെ ഒരു വര്‍ഷം കഠിന തടവിന് ശിക്ഷിച്ചത്. പ്രധാന അധ്യാപിക അടക്കം നാല് അധ്യാപകരും കേസില്‍ കൂറുമാറിയിരുന്നു.

പേനയെറിഞ്ഞ് വിദ്യാര്‍ത്ഥിയുടെ കാഴ്ച നഷ്ടമാക്കി; അധ്യാപികയ്ക്ക് കഠിന തടവ്

ഷെരീഫാ ഷാജഹാന്‍റെ പ്രതികരണം തേടി തൂങ്ങാംപാറയിലെ വീട്ടില്‍ എത്തിയെങ്കിലും അധ്യാപിക പുറത്തേക്കിറങ്ങിയില്ല. ഒന്നും പറയാനില്ലെന്ന് വീട്ടിന്‍റെ അകത്ത് നിന്ന് പറഞ്ഞു.കടവും പ്രാരാബ്ധവുമായി അല്‍ അമീന്‍റെ കുടുംബം മുന്നോട്ട് പോകുമ്പോഴും ഒരാശ്വാസ വാക്ക് പോലും ഒരു കണ്ണ് നഷ്ടപ്പെടാന്‍ കാരണക്കാരിയായ അധ്യാപികയുടെ ഭാഗത്ത് നിന്ന് ഉണ്ടായില്ല എന്നതാണ് അല്‍ അമീനെയും കുടുംബത്തെയും ഏറെ വേദനിപ്പിക്കുന്നത്.