ജില്ലയിൽ മൂന്ന് ദിവസം കൊണ്ട് ശരാശരി താപനിലയിൽ നാല് ഡിഗ്രി സെൽഷ്യസിന് മുകളിൽ വർധനവുണ്ടായതായാണ് കാലാവസ്ഥ റിപ്പോര്‍ട്ട്.

കോഴിക്കോട്: ഉഷ്ണ തരംഗത്തിനുള്ള സാധ്യത കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രഖ്യാപിച്ച കോഴിക്കോട് ജില്ലയില്‍ ജനങ്ങൾക്ക് കൃത്യമായ ജാഗ്രത നിർദേശം നൽകാതെ വിവിധ വകുപ്പുകൾ. ജില്ലയിൽ പലയിടത്തും ചുട്ടുപൊള്ളുന്ന വെയിലിൽ നിർമാണ പ്രവൃത്തി അടക്കമുള്ളവ പുരോഗമിക്കുകയാണ്. മിഠായിത്തെരുവിലടക്കം കനത്ത ചൂടിലും നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. 

നട്ടുച്ചയ്ക്ക് 39 ഡിഗ്രിയിൽ കോഴിക്കോട് തിളയ്ക്കുമ്പോഴും കൊടുംചൂടിൽ പണിയെടുക്കുന്ന ഇതരസംസ്ഥാന തൊഴിലാളികളുള്‍പ്പടെ നിരവധി ആളുകളെ നഗരത്തില്‍ കാണാം. ജില്ലയിൽ മൂന്ന് ദിവസം കൊണ്ട് ശരാശരി താപനിലയിൽ നാല് ഡിഗ്രി സെൽഷ്യസിന് മുകളിൽ വർധനവുണ്ടായതായാണ് കാലാവസ്ഥ റിപ്പോര്‍ട്ട്. 

രാവിലെ പതിനൊന്ന് മണി മുതൽ വൈകിട്ട് മൂന്ന് മണിവരെ നേരിട്ട് സൂര്യതാപമേൽക്കുന്ന പണികൾ ചെയ്യിക്കരുതെന്ന് തൊഴിൽ വകുപ്പ് തൊഴിലുടമകൾക്ക് പതിവ് പോലെ നിർദേശം നൽകിയിരുന്നു. എന്നാൽ ഇത് നടപ്പിലാകുന്നുണ്ടോ എന്നറിയാൻ പരിശോധനകളൊന്നും നടത്തിയിട്ടില്ല. 

രാവിലെ പതിനൊന്ന് മണി മുതൽ വൈകിട്ട് മൂന്ന് വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക, നിർജ്ജലീകരണം തടയാൻ കുടിവെള്ളം എപ്പോഴും കയ്യിൽ കരുതുക, സ്കൂളുകളില്‍ അസംബ്ലികള്‍ ഒഴിവാക്കുക, അയഞ്ഞ പരുത്തി വസ്ത്രങ്ങൾ ധരിക്കുക തുടങ്ങിയ മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങളാണ് നിലവിലുള്ളത്.