കോട്ടക്കൽ: കവർച്ചക്ക് ശേഷം വസ്ത്രവ്യാപാര കേന്ദ്രത്തിനു മോഷ്ടാക്കൾ തീയിട്ടു. ദേശീയപാതയിൽ രണ്ടത്താണിയിൽ ഇന്ന് പുലർച്ചെ മലേഷ്യ ടെക്സ്റ്റയിൽസിലാണ് സംഭവം. കെട്ടിടത്തിന്റെ ചുമർ ഒരാൾക്ക് പ്രവേശിക്കാവുന്ന രീതിയിൽ തുരന്നാണ് കവർച്ചക്കായി അകത്തു കടന്നിട്ടുള്ളത്. 

കവർച്ച നടത്തിയ ശേഷം മോഷ്ടാക്കള്‍ തെളിവു നശിപ്പിക്കാനായി കടയ്ക്ക് തീയിടുകയായിരുന്നുവെന്നാണ് സൂചന. 25ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നുണ്ട്. പുലർച്ചെ മൂന്നു മണിയോടെ യാത്രക്കാരാണ് കെട്ടിടത്തിൽ നിന്ന് തീ കണ്ടത്. തിരൂരിൽ നിന്ന് രണ്ട് യൂണിറ്റ് അഗ്നിശമന സേനയെത്തിയാണ് തീയണച്ചത്. 

കടയുടെ താഴെ ഭാഗം പൂർണ്ണമായും കത്തി നശിച്ചു. സി.സിടി.വി ക്യാമറകറകളുൾപ്പടെ അഗ്നിക്കിരയായിട്ടുണ്ട്. ഇന്നലെ രാത്രി 11 മണിയോടെയാണ് കട പൂട്ടി ഉടമകൾപോയത്. കേസിൽ അന്വേഷണം ആരംഭിച്ചതായി കാടാമ്പുഴ പൊലീസ് അറിയിച്ചു.