കേരള സ്റ്റോറി പ്രദർശനത്തിനൊരുങ്ങി താമരശേരി രൂപത
തെറ്റായ രാഷ്ട്രീയ സന്ദേശം നൽകുമെന്ന് കെസിബിസിയും സിറോ മലബാര്‍ സഭയും മുന്നറിയിപ്പ് നൽകിയിട്ടും തീരുമാനത്തിൽ ഉറച്ച് നിൽക്കുകയാണ് താമരശേരി രൂപതാ നേതൃത്വം
കോഴിക്കോട്: താമരശേരി രൂപതക്ക് കീഴില്‍ ഇന്ന് കേരള സ്റ്റോറി സിനിമ പ്രദര്‍ശിപ്പിക്കും. രൂപതക്ക് കീഴിലെ എല്ലാ കെ.സി.വൈ.എം യൂണിറ്റുകളിലുമാണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. വൈകിട്ട് മൂന്ന് മണിക്ക് ശേഷം കെ.സി.വൈഎമ്മിന്‍റെ വിവിധ യൂണിറ്റുകളില്‍ പ്രദര്‍ശനം ഉണ്ടാകും.
നേരത്തെ സിനിമ പ്രദര്‍ശിപ്പിച്ച ഇടുക്കി രൂപതക്ക് അഭിനന്ദനവുമായി താമരശേരി രൂപത രംഗത്തെത്തിയിരുന്നു. പ്രണയക്കെണിക്ക് എതിരായ ബോധവത്കരണം എന്ന നിലയിലാണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. തെറ്റായ രാഷ്ട്രീയ സന്ദേശം നൽകുമെന്ന് കെസിബിസിയും സിറോ മലബാര്‍ സഭയും മുന്നറിയിപ്പ് നൽകിയിട്ടും തീരുമാനവുമായി താമരശേരി രൂപത മുന്നോട്ട് പോവുകയാണ്.
കേരള സ്റ്റോറി പ്രദർശനവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ മണിപ്പൂർ കലാപവുമായി ബന്ധപ്പെട്ട "മണിപ്പൂർ ക്രൈ ഓഫ് ദ ഒപ്പ്രെസ്ഡ്" എന്ന ഡോക്യുമെന്ററി എറണാകുളം അങ്കമാലി അതിരൂപതക്ക് കീഴിലുള്ള പളളിയിൽ പ്രദർശനം നടത്തിയിരുന്നു. സാൻജോപുരം പള്ളിയിലെ നൂറിലേറെ വരുന്ന വേദപഠനം വിദ്യാർത്ഥികൾക്ക് മുന്നിലാണ് ഡോക്യുമെന്ററി പ്രദർശിപ്പിച്ചത്.
മണിപ്പൂര്‍ കലാപത്തെ കുറിച്ച് കുട്ടികള്‍ അറിഞ്ഞിരിക്കണമെന്നും അതിന് വേണ്ടിയാണ് ഡോക്യുമെന്ററി പ്രദർശിപ്പിച്ചതെന്നും പള്ളി വികാരി നിധിന്‍ പനവേലില്‍ പ്രദർശനത്തേക്കുറിച്ച് പ്രതികരിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം