തൃശൂർ: സംസ്ഥാനത്ത് ഒറ്റ ദിവസം രണ്ട് ജില്ലകളില്‍ എടിഎം കവര്‍ച്ചാ ശ്രമം. തൃശൂര്‍ ജില്ലയിലെ പട്ടിക്കാട് ജംഗ്ഷനിലും ഇടുക്കി ജില്ലയിലെ മറയൂരിലുമാണ് ഇന്നലെ എടിഎം കവര്‍ച്ചാ ശ്രമങ്ങള്‍ ഉണ്ടായത്. രണ്ടിടത്തും മോഷ്ടാക്കള്‍ ലക്ഷം വച്ചത് എസ്ബിടിയുടെ എടിഎമ്മുകളാണ്. 

തൃശൂര്‍ ദേശീയപാതയിലെ പട്ടിക്കാട് ജംഗ്ഷനിൽ എസ്ബിഐ എടിഎം കൗണ്ടറിലാണ് മോഷണ ശ്രമം നടന്നത്. എടിഎമ്മിന്‍റെ മോണിറ്റർ കുത്തിപൊളിച്ച നിലയിലാണ്. രാവിലെ പണമെടുക്കാൻ വന്നവരാണ് സംഭവം പൊലീസിനെ അറിയിച്ചത്. ബാങ്ക് അധികൃതരെത്തി പരിശോധിച്ചു. പണം നഷ്ടപ്പെട്ടിട്ടില്ലെന്ന് അധികൃതർ പറഞ്ഞു. പീച്ചി പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

ഇടുക്കി മറയൂരിലെ ബോവിക്കടവിലുള്ള എസ്ബിഐയുടെ എടിഎമ്മിലാണ് കവര്‍ച്ചാശ്രമം നടന്നത്. മോഷണശ്രമം നടന്നത് രാത്രിയിലാണെന്നാണ് പൊലീസ് സംശയിക്കുന്നത്. പണം നഷ്ടപ്പെട്ടിട്ടില്ലെന്നും പ്രാഥമിക നിഗമനമുണ്ട്. പൊലീസെത്തി പരിശോധന നടത്തുകയാണ്. 

ഒറ്റപ്പെട്ട സ്ഥലമായതിനാല്‍ ഇവിടെ സിസിടിവി സൗകര്യങ്ങള്‍ ഇല്ല. ഇതിനാല്‍ അടുത്തുള്ള കടകളിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് മോഷ്ടാക്കളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പൊലീസ്. മഴയെ തുടര്‍ന്ന് കഴിഞ്ഞ മൂന്ന് ദിവസമായി വൈദ്യുതിയില്ലായിരുന്നതിനാല്‍ എടിഎമ്മും പ്രവര്‍ത്തിച്ചിരുന്നില്ല. മോഷണസംഘം തമിഴ്നാട്ടിലേക്ക് കടന്നിരിക്കാനാണ് സാധ്യതയെന്നാണ് പൊലീസ് പറഞ്ഞു.