കരാറുകാരനുമായുള്ള തർക്കം കോടതി കയറിയതോടെയാണ് കെട്ടിടം തുറക്കാൻ കഴിയാതെ പോയത്

കണ്ണൂർ: പണി തീർന്ന് 18 വർഷമായിട്ടും ഉപകാരമില്ലാതെ നശിച്ച് കണ്ണൂർ അഴീക്കോട്‌ പഞ്ചായത്തിലെ കമ്മ്യൂണിറ്റി ഹാൾ. കരാറുകാരനുമായുള്ള തർക്കം കോടതി കയറിയതോടെയാണ് കെട്ടിടം തുറക്കാൻ കഴിയാതെ പോയത്. ലക്ഷങ്ങൾ മുടക്കിയ അഴീക്കോട്ടെ ഹോമിയോ ഡിസ്പൻസറിയുടേതും സമാന സ്ഥിതിയാണ്.

കമ്മ്യൂണിറ്റി ഹാളിന്‍റെ മൂന്നാം നിലയിൽ ആലുമുളച്ചു. അതിന്റെ വേരിറങ്ങി വാതിലിന്‍റെ കട്ടിള വരെ ഇളകി. പായല്‍ പിടിച്ച ചുവരുകൾ. കോൺക്രീറ്റ് അടർന്ന് തുരുമ്പ് കമ്പികൾ പുറത്തുവന്നു. പതിനെട്ടു ലക്ഷം വകയിരുത്തിയ പദ്ധതിയാണിത്. പകുതിയോളം തുക കരാറുകാരന് നൽകി. പണി പൂർത്തിയാക്കിയപ്പോൾ ബാക്കി തുക പഞ്ചായത്ത് നൽകിയില്ല. ഇതോടെ കെട്ടിടം അടഞ്ഞു കിടക്കുകയാണ്.

അടുത്ത് തന്നെ ഒരു ഹോമിയോ ഡിസ്പെൻസറിയുമുണ്ട്. ഇതേ കരാറുകാരനാണ് ഹോമിയോ ഡിസ്പെൻസറിയുടെ നിർമാണവും നടത്തിയത്. അവിടെയും കരാറുകാരന് തുക നല്‍കിയില്ല. അവസ്ഥ ഇതിലും മോശം. കെട്ടിടം ഉപയോഗശൂന്യമാണെന്ന റിപ്പോർട്ട് കോടതിയിലുമെത്തി. എപ്പോൾ വേണമെങ്കിലും നിലം പൊത്തിയേക്കാവുന്ന അവസ്ഥയിലാണ് കെട്ടിടങ്ങൾ. ഹൈക്കോടതി വിധി വന്നാൽ മാത്രമായിരിക്കും പഞ്ചായത്തിന്‍റെ അടുത്ത നടപടി.

YouTube video player