തൃശൂർ: നഴ്സുമാർ സ്വരുക്കൂട്ടിയ 14 ലക്ഷത്തോളം രൂപ ചെലവിട്ട് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ നിർമ്മിച്ച സ്വപ്നഗൃഹം തിരുവനന്തപുരം ഭരതന്നൂരിലെ സ്വാതിമോൾക്ക് 14 ന് കൈമാറും. യുഎൻഎ ദേശീയ നേതാവ് ജാസ്മിൻഷയെ, വയനാട് ലോകസഭാ സീറ്റിൽ സിപിഐയുടെ സാധ്യതാ പട്ടികയിലേക്ക് പരിഗണിക്കുമെന്ന സൂചനകൾ പരക്കുന്നതിനിടെ, കാനം രാജേന്ദ്രൻ പങ്കെടുക്കുന്ന ചടങ്ങാണെന്ന പ്രത്യേകതയും ഇതിനുണ്ട്. പരിപാടി 14 ന് രാവിലെ 10 മണിക്ക് പാങ്ങോട് സാഹിറ ഓഡിറ്റോറിയത്തിലാണ് സംഘടിപ്പിച്ചിരിക്കുന്നത്.

യുഎൻഎ സജീവ അംഗങ്ങളായ 9,000 ഓളം പേരിൽ നിന്നും ലഭിക്കുന്ന പ്രതിമാസ ലെവിയിൽ നിന്നും നിശ്ചിത തുക എല്ലാ മാസവും മാറ്റിവച്ചാണ് ഭരതന്നൂർ അംബേദ്കർ കോളനിയിൽ അഞ്ച് സെന്‍റ് ഭൂമി വാങ്ങിയത്. ഇതിൽ മൂന്ന് സെന്റിലായാണ് സ്വാതി മോൾക്ക് സുന്ദരമായ ഭവനം നിർമ്മിച്ചത്. 2017 ഓണക്കാലത്താണ് അടച്ചുറപ്പില്ലാത്ത കൂരയുടെ മുറ്റത്തെ അത്തപൂക്കളത്തിനരികെ നിഷ്കളങ്കമായി നിൽക്കുന്ന സ്വാതി മോളുടെ ചിത്രം നവമാധ്യമങ്ങളിൽ പ്രചരിച്ചത്. 

ഇതേ കുറിച്ച് യുഎന്‍എ നേതാവ് ജാസ്മിന്‍ ഷാ അന്വേഷിക്കുകയും തുടര്‍ന്ന് ഭരതന്നൂരിലെ അംബേദ്ക്കർ കോളനിയിൽ കുമാറും ഭാര്യ ബീനയും മകൾ സ്വാതിയും സ്വന്തമായി സ്ഥലവും വീടും ഇല്ലാതെ കൂരയിൽ കഴിയുകയാണെന്ന് ബോധ്യമായത്. തുടര്‍ന്ന് വീട് വച്ചുനൽകാമെന്ന വാഗ്ദാനം നിറവേറ്റാൻ യുഎൻഎ ജനറൽ കൗൺസിൽ ചേന്ന് സ്ഥലം വാങ്ങാൻ തീരുമാനിച്ചു. സ്ഥലം രജിസ്റ്റർ ചെയ്ത ശേഷം കോൺഗ്രസ് പ്രവർത്തകയും സ്ഥലം പഞ്ചായത്ത് അംഗവുമായ ലളിത കുമാരിയുടെ സഹായത്തോടെ വീട് നിർമ്മാണത്തിനുള്ള നടപടികളും തുടങ്ങി. 

പ്രളയകാലത്തുണ്ടായ സാങ്കേതിക തടസങ്ങൾക്ക് തീർത്ത് നിർമാണം വേഗത്തിലാക്കാൻ നഴ്സുമാർ ഒരുമിച്ചു നിന്നു. യുഎൻഎ സംസ്ഥാന കമ്മിറ്റിയംഗം അഭിരാജ് ഉണ്ണിയാണ് പദ്ധതി കോഓർഡിനേറ്റ് ചെയ്തത്. കാനം രാജേന്ദ്രൻ വീടിന്റെ താക്കോൽ ദാനം നിർവ്വഹിക്കുന്ന ചടങ്ങിൽ ജാസ്മിൻ ഷാ അധ്യക്ഷത വഹിക്കും. സ്ഥലം എംഎൽഎ ഡി കെ മുരളി, പഞ്ചായത്ത് പ്രസിഡൻറ് എസ് ഗീത, ന്യൂനപക്ഷ കമ്മീഷനംഗം അഡ്വ ഫൈസൽ, വാർഡംഗം ലളിത കുമാരി, യുഎൻഎ നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും. സ്വാതിമോളുടെ വീടിനോട് ചേർന്നുള്ള രണ്ട് സെന്‍റ്  ഭൂമി സമാനമായി കഴിയുന്ന അർഹതപ്പെട്ട ഒരാൾക്ക് കൈമാറുമെന്ന് യുഎൻഎ സംസ്ഥാന പ്രസിഡൻറ് ഷോബി ജോസഫ് ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനോട് പറഞ്ഞു.