ഇടുക്കി: ഇടുക്കി എം.പി ജോയ്സ് ജോർജിന്റെ വിവാദ ഭൂമി സംബന്ധിച്ച് 6 ആഴ്ചക്കുള്ളിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി തീർപ്പ് കൽപ്പിക്കണമെന്ന ലാന്റ് റവന്യൂ കമ്മീഷണറുടെ ഉത്തരവ് നടപ്പിലാക്കുന്നത് വൈകും. കമ്മീഷണറുടെ ഉത്തരവ് ദേവികുളം സബ് കളക്ടർക്ക് ഇതുവരെയും ലഭിക്കാത്തതാണ് നടപടിക്രമങ്ങൾ വൈകാന്‍ കാരണം.  

വട്ടവട കൊട്ടാക്കമ്പൂരിലെ തമിഴ് വംശജരുടെ ഭൂമികൾ എം.പിയും ബന്ധുക്കളും വ്യാജ രേഖകൾ ചമച്ച് തട്ടിയെടുത്തായി ആരോപണം ഉയർന്നിരുന്നു. തുടർന്ന് നിരവധി തവണ എം.പിയെ രേഖകൾ സഹിതം ദേവികുളം ആർ.ഡി.ഒ ഓഫീസിൽ നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം വഴങ്ങിയില്ല. ഹാജരാകാൻ ആവശ്യപ്പെട്ട ദിവസങ്ങളിൽ സി.പി.എമ്മിന്റെ കർഷക സംഘടകളെ അണിനിരത്തി പാർട്ടി പ്രവർത്തകരുടെ നേതൃത്വത്തിൽ സമരങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു. 

തുടര്‍ന്ന് മുൻ ദേവികുളം സബ് കളക്ടർ വി.ആർ പ്രേംകുമാർ എം.പിയുടെ പട്ടയം റദ്ദ് ചെയ്തിരുന്നു. എന്നാൽ തന്റെ ഭാഗം കേൾക്കാതെ പട്ടയം റദ്ദ് ചെയ്ത നടപടി എം.പി ചോദ്യം ചെയ്തതോടെ വീണ്ടും പരിശോധിക്കാൻ ജില്ലാ കളക്ടർ ജി ആർ ഗോകുൽ, സബ് കളക്ടറെ ചുമതപ്പെടുത്തുകയായിരുന്നു. എം.പി തെരഞ്ഞെടുപ്പിന് മുമ്പ് ജോയ്സിന്റെ ഭൂമി സംബന്ധിച്ചുള്ള പ്രശ്നങ്ങൾ തീർപ്പാക്കുന്നതിനാണ് ഇപ്പോൾ ശ്രമം നടക്കുന്നത്. പ്രശ്നത്തിൽ ലാന്റ് റവന്യൂ കമ്മീഷണർ ഇടപെട്ടെങ്കിലും ഉത്തരവിന്റെ പകർപ്പ് ഇതുവരെയും ഓഫീസിൽ ലഭിച്ചിട്ടില്ല. ഉത്തരവ് ലഭിക്കുന്ന മുറക്ക് നടപടികൾ വേഗത്തിലാക്കുമെന്ന് സബ് കളക്ടർ രേണുരാജ് പറഞ്ഞു.